നവരാത്രി ആഘോഷിക്കാനൊരുങ്ങി തലസ്ഥാന നഗരി
തിരുവനന്തപുരം > ഓണം കഴിഞ്ഞാൽ തലസ്ഥാനത്ത് സന്തോഷം നിറയ്‌ക്കുന്ന ആഘോഷ ദിവസങ്ങളാണ് നവരാത്രി. നവരാത്രിയുടെ പ്രധാന ആകർഷണം മനോഹരമായ ബൊമ്മക്കൊലുവാണ്. ക്ഷേത്രങ്ങളും സംഘടനകളും ട്രസ്റ്റുകളും നൃത്ത, സംഗീത പഠന സ്ഥാപനങ്ങളും പത്തു ദിവസം ആഘോഷനിറവിലാകും. 24ന് പൂജയോടെ ചടങ്ങുകൾ അവസാനിക്കും. ചടങ്ങുകളിൽ പ്രധാനമാണ് ബൊമ്മക്കൊലു ഒരുക്കം. തിന്മയ്‌ക്കുമേൽ നന്മ വിജയം നേടിയതിന്റെ പ്രതീകമാണ് ബൊമ്മക്കൊലു. നഗരത്തിലെ പല വീടുകളിൽ ബൊമ്മക്കൊലു ഒരുക്കാറുണ്ട്. ബൊമ്മക്കൊലു കാണാം വീട്ടിൽ ഒരുക്കാത്തവർക്ക് ബൊമ്മക്കൊലു കാണാനുള്ള അവസരം ഒരുക്കുകയാണ് ഇടപ്പഴിഞ്ഞിയിലെ ലളിതാംബിക സംഗീത നാട്യകൂടം. അഞ്ചു മീറ്റർ വീതിയും നാലു മീറ്റർ നീളവുമുള്ള ബൊമ്മക്കൊലു പ്രദർശനമാണ് ലളിതാംബിക നൃത്തവിദ്യാലയം ഒരുക്കിയിട്ടുള്ളത്. ദേവീ, ദേവന്മാരുടെ മനോഹരമായ നൂറുകണക്കിന് ബൊമ്മകൾ ഇവിടെയുണ്ട്. നൃത്താധ്യാപകൻ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലാണ് പ്രദർശനം. നവരാത്രി ആരംഭമായ 15നാണ് പ്രദർശനം തുടങ്ങിയത്. മഹാനവമി ദിവസമായ 23വരെ തുടരും. കഴിഞ്ഞ മൂന്നു വർഷമായി ബൊമ്മക്കൊലു ഒരുക്കാറുണ്ടെങ്കിലും ആദ്യമായാണ് പ്രദർശനം നടത്തുന്നത്. രാവിലെ ഒമ്പതുമുതൽ രാത്രി പത്തുവരെ സൗജന്യമായി പ്രദർശനം കാണാം. പത്തു ദിവസം നീളുന്ന കലാപരിപാടികളും ഇവിടെയുണ്ട്. നഗരത്തിൽ വിവിധയിടങ്ങളിൽ ബൊമ്മക്കൊലു വിൽപ്പനയുമുണ്ട്. നാളെ ദുർഗാഷ്ടമി; പൂജവയ്‌പ് വൈകിട്ട് തിരുവനന്തപുരം > പൂജവയ്‌പിന് ഇനി ഒരുനാൾമാത്രം. ദുർഗാഷ്ടമി ദിനമായ ഞായറാഴ്‌ച രാവിലെയും വൈകിട്ടുമായി വീടുകളിലും ക്ഷേത്രങ്ങളിലും പുസ്‌തകങ്ങളും ആയുധങ്ങളും പൂജവയ്‌ക്കും. തിങ്കളാഴ്‌ച മഹാനവമിയും ചൊവ്വാഴ്‌ച പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കും. ജില്ലയിൽ ക്ഷേത്രങ്ങളിലെല്ലാം നവരാത്രി ദർശനത്തിന് തിരക്കേറി. പൂജപ്പുര മണ്ഡപം, ആര്യശാല, ചെന്തിട്ട ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ വൻതിരക്കാണ്. ഇവിടങ്ങളിൽ പൊലീസ് സുരക്ഷയൊരുക്കി. നവരാത്രിമണ്ഡപത്തിലും പൂജപ്പുര സരസ്വതിമണ്ഡപത്തിലുമായി ചൊവ്വാഴ്‌ച ആയിരത്തോളം കൂട്ടികൾ ആദ്യക്ഷരം കുറിക്കും. പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിയമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവിക്ഷേത്രം എന്നിവിടങ്ങളിൽ പൂജവയ്‌പും വിദ്യാരംഭ ചടങ്ങും നടക്കും. Read on deshabhimani.com