‘നാവിയോസ് ടെംപോ’ വിഴിഞ്ഞത്ത്‌

വിഴിഞ്ഞത്ത് എത്തിയ രണ്ടാമത്തെ ഫീഡർ കപ്പലായ നാവിയോസ് ടെംപോ ബെർത്തിലേക്ക് അടുപ്പിച്ചപ്പോൾ


വിഴിഞ്ഞം > ചരക്ക്‌ കൊണ്ടുപോകാനെത്തിയ രണ്ടാമത്തെ ഫീഡർ കപ്പലായ നാവിയോസ് ടെംപോ ഞായറാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. കൊളംബോയിൽ നിന്ന് ഞായർ പുലർച്ചെ പുറംകടലിലെത്തിയ കപ്പൽ രാവിലെ 7.30 ന് ബെർത്തിലേക്ക് അടുപ്പിച്ചു. വിഴിഞ്ഞത്തേക്ക്‌ വന്ന ആദ്യ  മദർഷിപ്പായ സാൻ ഫെർണാണ്ടോയിലും ആദ്യഫീഡർ കപ്പലായ മറിൻ അസുറിലുമായി കൊണ്ടുവന്ന 863 കണ്ടെയ്നറുകൾ നാവിയോസ്‌ ടെംപോയിലേക്ക്‌ കയറ്റുന്ന ജോലി പുരോ​ഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ തിങ്കളാഴ്ച വൈകിട്ട്‌ നാലിന്‌ കപ്പൽ ചെന്നൈയിലേക്ക്‌ പോകും. അവിടെ നിന്ന് 26ന്‌ കൊളംബോയിലേക്ക്‌ മടങ്ങും. ലൈബീരിയൻ ചരക്കുകപ്പലായ നാവിയോസ് ടെംപോയ്ക്ക് 250 മീറ്റർ നീളവും 38 മീറ്റർ വീതിയുമുണ്ട്‌. ക്യാപ്റ്റൻ ഉൾപ്പെടെ 20 ജീവനക്കാരും ഫിലിപ്പീൻസ് സ്വദേശികളാണ്. വരുംദിവസങ്ങളിൽ കൂടുതൽ ഫീഡർ കപ്പലുകൾ വിഴിഞ്ഞത്തെത്തും. മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ ഭീമൻ ചരക്ക്‌ കപ്പൽ അടുത്തുതന്നെ എത്തുമെന്ന്‌ അദാനി ഗ്രൂപ്പ്‌ അറിയിച്ചു. രാജ്യത്തെ ആദ്യ ഓട്ടോമേറ്റഡ്‌ തുറമുഖമാണ്‌ വിഴിഞ്ഞം. കപ്പലിൽനിന്ന്‌ കണ്ടെയ്‌നറുകൾ ക്രെയിനുകൾ ഉപയോഗിച്ച്‌  ഇറക്കുന്നതും കയറ്റുന്നതും റിമോട്ട്‌  കൺട്രോളുകളുടെ സഹായത്തോടെയാണ്‌. നിലവിൽ ട്രയൽ നടക്കുന്നതിനാൽ ഉപകരണങ്ങളുടെ മികവ്‌ പരിശോധിച്ചുവരികയാണ്‌. Read on deshabhimani.com

Related News