പാഠ്യപദ്ധതിയിൽ കേന്ദ്ര ഇടപെടൽ: കേരളത്തിന്റെ നേട്ടങ്ങളെ തകർക്കും



തിരുവനന്തപുരം > സംസ്ഥാനങ്ങളുടെ  പാഠ്യപദ്ധതിയിൽ ഇടപെടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വിദ്യാഭ്യാസ രംഗത്ത്‌ കേരളം ആർജിച്ച ജനകീയ നേട്ടങ്ങളെ തകർക്കുന്നത്‌. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്‌. ഇതുവരെ കേന്ദ്രത്തിന്റെ പൊതുനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം തയ്യാറാക്കുന്ന പാഠ്യപദ്ധതിയിൽ പിന്നീട്‌ ഇടപെടൽ ഉണ്ടായിട്ടില്ല. എന്നാൽ ഇത്തവണ സംസ്ഥാനങ്ങളോട്‌ നിർദേശം സമർപ്പിക്കാനും കേന്ദ്രം തരുന്ന പാഠ്യപദ്ധതി നടപ്പാക്കാനുമാണ്‌ എൻസിഇആർടി സംസ്ഥാനങ്ങളിലെ പാഠ്യപദ്ധതികൾക്ക്‌ നേതൃത്വം നൽകുന്ന എസ്‌സിആർടികളോട്‌ ആവശ്യപ്പെട്ടത്‌. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു ഇത്‌. കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്‌ കേന്ദ്ര നിർദേശത്തെ എതിർത്തു. ഇത്‌ വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവം ഇല്ലാതാക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശം കവർന്നെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പശ്‌ചിമ ബംഗാളിൽനിന്നുള്ള പ്രതിനിധി യോഗത്തിൽനിന്ന്‌ വിട്ടുനിന്നു.         2023ൽ പാഠ്യപദ്ധതി പരിഷ്‌കരിക്കാനാണ്‌ എൻസിഇആർടിയോട്‌ കേന്ദ്ര സർക്കാർ നിർദേശം. 2024 ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌  പാഠ്യപദ്ധതിയുടെ കാവിവൽക്കരണമാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യം. സംസ്ഥാനങ്ങൾ നൽകുന്ന രൂപരേഖയുടെ അടിസ്ഥാനത്തിലാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുക. എന്നാൽ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനുമുള്ള അവസരം കേന്ദ്രത്തിനായിരിക്കും. അതിനുശേഷം സംസ്ഥാനങ്ങൾക്ക് തിരുത്താനാകില്ല. പാഠ്യപദ്ധതിയിൽ സാസ്കാരിക, ചരിത്ര, ശാസ്ത്രമേഖലകളിൽ പ്രദേശികമായ പ്രാധാന്യം ഉൾപ്പെടെ സംസ്ഥാന താൽപ്പര്യം ഇതുവരെ സംരക്ഷിക്കപ്പെട്ടിരുന്നു. പുസ്‌തകത്താളുകളിൽ മതചിഹ്‌നങ്ങൾക്കോ വർഗീയ താൽപ്പര്യങ്ങൾക്കോ ഇടം നൽകാറുമില്ല. Read on deshabhimani.com

Related News