നീലേശ്വരം വെടിക്കെട്ടപകടം: സുഹൃത്തുക്കളുടെ വിയോഗത്തിൽ വിതുമ്പി നാട്
കാസർകോട് > ഉത്സവത്തിനും നാട്ടിലെ ആഘോഷങ്ങളിലുമെല്ലാം ഒരുമിച്ചുണ്ടായിരുന്ന നാല് പേർ അവസാന യാത്രയിലും ഒന്നിച്ചതിന്റെ നടുക്കത്തിലാണ് കാസർകോട്ടെ കിണാവൂർ. നീലേശ്വരം അഞ്ഞുറ്റമ്പലം വീരർകാവ് വെടിക്കെട്ടപകടത്തിൽ സന്ദീപ്, രതീഷ്, ബിജു എന്നിവരുടെ വിയോഗത്തിന് പിന്നാലെ രജിത്തും യാത്രയായപ്പോൾ നാടിനത് താങ്ങാനാവാത്ത വേദനയാകുന്നു. നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ചെറുപ്പക്കാരായിരുന്നു ഇവർ നാല് പേരും. ക്ഷേത്രോത്സവങ്ങളിലും സാമുഹിക സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യം. നാട്ടുകാർക്ക് ഇവരെ കുറിച്ച് പറയാൻ നൂറ് നാവാണ്. വിവിധ ജോലി ചെയ്യുന്ന സുഹൃത്തുക്കളായ നാലു പേർ സൗഹൃദത്തിൻ്റെ മാതൃകയായിരുന്നു. എല്ലത്തിലും ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾ വീരർകാവിൽ തെയ്യംകെട്ടിന് പോയതും ഒരുമിച്ചാണ്. രാത്രി 12 മണിയോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിച്ച് പടക്കശേഖരത്തിന് തീപിടിച്ചു. വെടിക്കെട്ട് ദുരന്തത്തിൽ 150-ലേറെ പേർക്ക് പരിക്കേറ്റു. ചികിത്സയിലായിരുന്ന സന്ദീപ് ശനിയാഴ്ചയും ബിജുവും രതീഷും ഞായറാഴ്ചയും മരിച്ചു. ഒടുവിൽ ഇന്ന് രാവിലെയാണ് രജിത്തും മരിണത്തിന് കീഴടങ്ങി. അപടത്തിലൂടെ നാല് കുടുംബങ്ങളുടെ താങ്ങും തണലുമാണ് ഇല്ലാതായത്. നിർധനരായ കുടുംബങ്ങളെ സർക്കാർ ചേർത്തു പിടിച്ചെങ്കിലും കുടുംബങ്ങൾക്ക് മുന്നിൽ ഭാവി ഇരുൾ നിറഞ്ഞതാണ്. ഇവരുടെ വരുമാനത്തിൽ പുലർന്നു പോന്ന കുടുംബങ്ങൾക്ക് ഇനിയെന്ത് ചെയ്യുമെന്ന ചോദ്യം ഉയർന്ന് നിൽക്കുന്നു. കുടുംബത്തിലാർക്കെങ്കിലും നിത്യ വരുമാനത്തിനുള്ള ഒരു തൊഴിൽ ലഭിച്ചാൽ മാത്രമെ ഈ കുടുംബങ്ങക്ക് മുന്നോട്ട് പോകാനാവു. ചിലരുടെ അശ്രദ്ധയ്ക്കും ധാർഷ്യത്തിനും മുന്നിൽ സ്വജീവിതം ബലി കഴിക്കേണ്ടി വന്ന ഈ നിർധന യുവാക്കളുടെ ജീവിതത്തിന് എന്ത് പകരം വെച്ചാലും മതിയാവില്ല. Read on deshabhimani.com