നെഹ്‌റു ട്രോഫി രജിസ്‌ട്രേഷൻ പൂർത്തിയായി; പോരിന് 19 ചുണ്ടൻ, 54 ചെറുവള്ളം
ആലപ്പുഴ> നെഹ്‌റുട്രോഫി വള്ളംകളിയിൽ മത്സരവള്ളങ്ങളുടെ രജിസ്‌ട്രേഷൻ ശനിയാഴ്ച പൂർത്തിയായി. 73 വള്ളം രജിസ്‌റ്റർചെയ്‌തു. 19 ചുണ്ടൻവള്ളങ്ങളും 54 ചെറുവള്ളങ്ങളും രജിസ്‌റ്റർ ചെയ്‌തു. ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്–- പായിപ്പാടൻ, സൗത്ത് പറവൂർ ബോട്ട് ക്ലബ്–-ആലപ്പാടൻ, ചെറുതന ബോട്ട് ക്ലബ്–- ചെറുതന പുത്തൻ ചുണ്ടൻ, ജവഹർ ബോട്ട് ക്ലബ്–- ജവഹർ തായങ്കരി, പള്ളാത്തുരുത്തി ബോട്ട് ക്ലബ്–- കാരിച്ചാൽ, യുബിസി കൈനകരി–-തലവടി ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബ്–- നടുഭാഗം, പുന്നമട ബോട്ട് ക്ലബ്–- ചമ്പക്കുളം, ചങ്ങനാശേരി ബോട്ട് ക്ലബ്–- ആയാപറമ്പ് വലിയ ദിവാൻജി, പായിപ്പാട് ബോട്ട് ക്ലബ്–- പായിപ്പാടൻ 2, നിരണം ബോട്ട് ക്ലബ്–- നിരണം ചുണ്ടൻ, കാരിച്ചാൽ ടൗൺ ബോട്ട് ക്ലബ്–- കരുവാറ്റ ചുണ്ടൻ, കെബിസി ആൻഡ് എസ്‌എഫ്‌ബിസി–- മേൽപ്പാടം ചുണ്ടൻ, സെന്റ് ജോസഫ് ബോട്ട് ക്ലബ്–-സെന്റ് ജോർജ് ചുണ്ടൻ, വിബിസി കൈനകരി–- വീയപുരം, സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ് –-സെന്റ് പയസ് ടെൻത്, ജീസസ് ബോട്ട് ക്ലബ്–- ആനാരി, മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്–- ആയാപറമ്പ് പാണ്ടി, എസ് എച്ച് ബോട്ട് ക്ലബ് –-ശ്രീവിനായകൻ എന്നിവയാണ് രജിസ്‌റ്റർ ചെയ്‌ത ക്ലബുകളും ചുണ്ടൻ വള്ളങ്ങളും. ഇരുട്ടുകുത്തി എ വിഭാഗത്തിൽ നാലും ബി വിഭാഗത്തിൽ 16 വള്ളങ്ങളും സി വിഭാഗത്തിൽ 14 വള്ളങ്ങളും രജിസ്റ്റർചെയ്‌തു. ചുരുളന്‍–- മൂന്ന്, വെപ്പ് എ–--ഏഴ്, വെപ്പ് ബി-–- നാല്, തെക്കനോടി തറ-–-മൂന്ന്, തെക്കനോടി കെട്ട്–-മൂന്ന് എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. കഴിഞ്ഞ വർഷം 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 വള്ളങ്ങളാണ് നെഹ്‌റുട്രോഫിയിൽ മത്സരിച്ചത്. ഹൗസ് ബോട്ടുകള്‍ മാറ്റി പാര്‍ക്ക് ചെയ്യണം നെഹ്രുട്രോഫി വളളംകളിക്ക് മുന്നോടിയായി സ്റ്റാര്‍ട്ടിങ് ഡിവൈസിന്റെയും ട്രാക്കിന്റെയും പന്തലിന്റെയും നിര്‍മാണം നടത്തേണ്ടതിനാല്‍ ആലപ്പുഴ പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ ഫിനിഷിങ് പോയിന്റ് വരെ ഹൗസ് ബോട്ടുകള്‍ തിങ്കൾ രാവിലെ ഒമ്പത് മുതല്‍ ആഗസ്ത് 11-ന് വൈകിട്ട് ആറ് വരെ മാറ്റി പാര്‍ക്ക് ചെയ്യണം. നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം നീലപ്പൊന്മാന് പേര് നീലു ആലപ്പുഴ> 70-ാം നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊൻമാന് നീലു എന്ന് പേരിട്ടു. എൻടിബിആർ സൊസൈറ്റി ചെയർപേഴ്‌സൺ കലക്ടർ അലക്സ് വർഗീസാണ് നീലു എന്ന പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം സിനിമാതാരം ഗണപതി ഏറ്റുവാങ്ങി. കേരളത്തിന്റെ ആവേശമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമാകാൻ സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നതായും ആലപ്പുഴയും ആലപ്പുഴക്കാരും ഏറെ പ്രിയപ്പെട്ടതാണെന്നും ഗണപതി പറഞ്ഞു. തപാൽ മുഖേനയാണ് പേരിന് എൻട്രികൾ ക്ഷണിച്ചത്. 609 എൻട്രികൾ ലഭിച്ചു. നീലു എന്ന പേര് 33 പേർ നിർദേശിച്ചു. ഇവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് മലപ്പുറം പുത്തൂർപള്ളിക്കൽ സ്വദേശി വിദ്യാർഥിയായ കീർത്തി വിജയനെ വിജയിയായി പ്രഖ്യാപിച്ചത്. വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണ നാണയം സമ്മാനമായി ലഭിക്കും. കലക്ടറുടെ ചേംബറിൽ പ്രഖ്യാപനച്ചടങ്ങിൽ എൻടിബിആർ സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടർ സമീർ കിഷൻ, പബ്ലിസിറ്റി കമ്മിറ്റിയംഗങ്ങളായ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ നസീർ പുന്നയ്ക്കൽ, കൗൺസിലർ സിമി ഷാഫി ഖാൻ, പബ്ലിസിറ്റി കമ്മിറ്റിയംഗങ്ങളായ കെ നാസർ, എ കബീർ, അബ്ദുൾസലാം ലബ്ബ, എം പി ഗുരുദയാൽ, ഹരികുമാർ വാലേത്ത്, എബി തോമസ്, അസി. ഇൻഫർമേഷൻ ഓഫീസർ സൗമ്യ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com