ജലം മുറിച്ച്‌ പായും ചുണ്ടൻ



വെള്ളത്തിന്റെ പ്രതിരോധം മുറിച്ച്‌ മുന്നോട്ട്‌ കുതിക്കാൻ കഴിയുന്ന തരത്തിലാണ് ചുണ്ടന്റെ രൂപകൽപ്പന. വള്ളത്തിന്റെ കൂമ്പ്‌ വെള്ളത്തിൽ സ്‌പർശിക്കുന്നതിന്‌ മൂന്നേ ഒറ്റത്തുഴക്കാരുടെ തുഴ വെള്ളത്തിൽ വീഴും. വെള്ളത്തിന്റെ പ്രതിരോധം തകർത്ത്‌ അതിവേഗം നൽകാൻ ഇത്‌ സഹായിക്കും.   ഇവർ ചുണ്ടനിലെ യോദ്ധാക്കൾ ഒറ്റത്തുഴക്കാർ: ഇവരാണ് ചുണ്ടൻവള്ളങ്ങളുടെ വേഗത നിയന്ത്രിക്കുന്നത്. കൂമ്പിൽ ഇരിക്കുന്ന ഒന്നാം തുഴക്കാരൻ മുതൽ പിന്നിലോട്ട് ഏഴാമത്തെ തുഴക്കാരൻ വരെ ഒറ്റത്തുഴ എന്നാണ് അറിയപ്പെടുന്നത്. ചുണ്ടൻവള്ളങ്ങളുടെ വേഗം ഈ ഏഴുപേരുടെ കൈകളിലാണ്. ഇവർക്കാണ് ഇരുവശത്തും മാറി മാറി തുഴയാൻ കഴിയുന്നത്. മുക്കണ്ണി: വെടിത്തടിക്ക് മുമ്പും ഒറ്റത്തുഴയ്‌ക്ക് പിന്നിലും ആയാണ് മുക്കണ്ണിക്കാരുടെ സ്ഥാനം. 22 മുതൽ 28 വരെ തുഴക്കാർ ഉണ്ടാകും ഓരോ വള്ളത്തിലും. ഇടിയന്മാർ: വെടിയുണ്ട പായുംപോലെ വെള്ളത്തെ കീറിമുറിച്ച് വള്ളത്തിന്‌ പോകാൻ ഇടിയന്മാരുടെ ഇടിയുടെ താളം വേണം. തുഴയുടെ വേഗം ഇടിയുടെ താളത്തിനൊപ്പം. രണ്ടുപേർക്കാണ് ചുമതല. പെട്ടിപ്പുറം: പെട്ടിപ്പുറത്തെ ആറ്‌ തുഴക്കാരെയാണ് പെട്ടിപ്പുറം എന്നറിയപ്പെടുന്നത്. ചുരുട്ടിക്കുത്ത്: പെട്ടിപ്പുറത്തിന് മുന്നിലായി ചുരുളിൽ ചാരിയിരുന്നു തുഴയുന്ന രണ്ടുപേരെയാണ് ചുരുട്ടികുത്ത് എന്ന് പറയുന്നത്. ഇവർ വള്ളത്തിന്റെ ഇടവും വലവും ഓരോരുത്തർ വീതമാണ്. താഴ്‌ന്നതട്ട്‌: അമരത്തിന് മുന്നിലും വെടിത്തടിക്ക് പിന്നിലുമായി താഴ്‌ന്നതട്ട്. വള്ളങ്ങളുടെ നീളം അനുസരിച്ച് 28 മുതൽ 38 തുഴക്കാർവരെയുണ്ടാകും. ഏറ്റവും ആയാസത്തോടെ തുഴയുന്നത് ഇവരാണ്.   കൂട്ടിക്കുത്ത്: അമരക്കാർക്ക് മുന്നിലായി ഒരുവശത്ത് മൂന്നുപേർ വീതം ആറുപേർ ഉണ്ടാകും. താളക്കാരെ ആവേശം കൊള്ളിക്കാനും വള്ളത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന പങ്കായക്കാരെ സഹായിക്കുന്നതും കൂട്ടിക്കുത്തുകാരാണ്. നിലക്കാർ: അഞ്ചുമുതൽ ഏഴുവരെയുണ്ടാകും നിലക്കാരായി. ഒരേപോലെ തുഴകൾ വീഴുന്നതിനും തുഴച്ചിൽ ആവേശം കൂട്ടുന്നതും ഇവരാണ്. നിലക്കാരെന്നും താളക്കാരെന്നും ഇവരെ വിളിക്കാറുണ്ട്. തുഴക്കാരെ ഉഷാറാക്കുന്നത് ഇവരുടെ താളാത്മകമായ പാട്ടുകളാണ്. അമരക്കാർ: വള്ളത്തിന്റെ നിയന്ത്രണം പങ്കായക്കാർ അഥവാ അമരക്കാർക്കാണ്. ചുണ്ടൻവള്ളങ്ങളുടെ സ്‌റ്റിയറിങ് വീൽ എന്നാണ് ഇവർ അറിയപ്പെടുന്നത്. ചാട്ടുളിപോലെ നീങ്ങുന്ന വള്ളത്തെ ഒരിഞ്ചുപോലും വ്യത്യാസം ഉണ്ടാകാതെ സ്വന്തം ട്രാക്കിലൂടെ നേർരേഖയിൽ സഞ്ചരിപ്പിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത് ഇവരാണ്. മത്സരം മുറുകുന്ന സമയത്ത് തുഴച്ചിൽക്കാർക്കൊപ്പം അഞ്ച്‌ പങ്കായക്കാരും പങ്കായം കറക്കിത്തുഴയും. ഇതിനെ കുത്തിയെറിയൽ എന്നാണ് പറയുന്നത്. കൂട്ടായ്‌മയുടെ കാർണിവൽ കൂട്ടായ്‌മയുടെ മത്സരമാണ്‌ വള്ളംകളി. 100 പേരോളമാണ്‌ ഓരേ ചുണ്ടൻ വള്ളത്തിലും  തുഴയുന്നത്‌. ഇത്രയധികം ആളുകൾ ഒരുമിച്ചു പങ്കെടുക്കുന്ന വേറൊരു മത്സരം ലോകത്തില്ല. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ 1952 ഡിസംബർ 27 ലെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ‌വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. ചുണ്ടൻ‌വള്ളങ്ങളുടെ വീറുറ്റ  മത്സരം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു  സുരക്ഷാ ക്രമീകരണങ്ങൾ മറന്ന്‌  വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. ഡൽ‌ഹിയിലെത്തിയ ശേഷം സ്വന്തം കൈയൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകുന്ന നെഹ്‌റു ട്രോഫി. തുടക്കത്തിൽ പ്രൈം‌മിനിസ്‌റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടത്. വിവിധ കരക്കാരും കായലരികത്തെ തുഴച്ചിൽക്കാരും പങ്കെടുക്കുന്ന മത്സര വള്ളംകളിയായിരുന്നു തുടക്കത്തിൽ. ഓരോ കരകൾക്കുമുള്ള ചുണ്ടൻ വള്ളങ്ങളിൽ കരക്കാർ തന്നെ തുഴയുന്ന രീതിയുമൊക്കെ വഴിമാറി.   ഇപ്പോൾ വള്ളംകളി മത്സരം വൻ ചെലവുള്ള കായികവിനോദമായി മാറി. കരകൾ നെയ്‌ത കരളുറപ്പിന്റെ കവിത കെ എസ്‌ ലാലിച്ചൻ "ആലപ്പുഴയുടെ വള്ളംകളിയിത് ആർപ്പോ... ഇർറോ.. നാടിന്നുത്സവ വള്ളംകളിയിത് ആർപ്പോ.... ഇർറോ.." ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളുടെ ചുണ്ടിൽ ഇപ്പോൾ തത്തിക്കളിക്കുന്നത് ഈ വരികൾ ആണ്. ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും  സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന ജയൻ തോമസ് എഴുതിയ " കുട്ടനാടിൻ വീറും വാശിയും കൊമ്പുകോർക്കും ഉത്സവം മഹോത്സവം കരകളൊന്നാകെ കരളുറപ്പിന്റെ കവിത നെയ്യും ഉത്സവം മഹോത്സവം'' എന്നുതുടങ്ങുന്ന നെഹ്രുട്രോഫി വള്ളംകളിയുടെ ഔദ്യോഗിക മുദ്രാഗീതം വൈറലാണ്‌. ആലപ്പുഴയുടെ വള്ളംകളി എന്ന പേരിൽ നെഹ്രുട്രോഫി ബോട്ട് റേസ്‌ കമ്മിറ്റിയാണ് ഗാനം പുറത്തിറക്കിയത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഗാനം പ്രകാശിപ്പിച്ചത്‌. പാട്ടിന് ഈണം പകർന്നത് യുവസംഗീത സംവിധായകരിൽ ശ്രദ്ധേയനായ, ആലപ്പുഴക്കാരൻകൂടിയായ ഗൗതം വിൻസന്റാണ്. കഴിഞ്ഞ വർഷവും ഔദ്യോഗിക മുദ്രാഗീതം ഒരുക്കിയതും ഈ കൂട്ടുകെട്ടായിരുന്നു.  പിന്നണി ഗായകൻ നജീം അർഷാദിന്റെ ആലാപനവും കൂടിയാകുമ്പോൾ ഈ പാട്ട് വേറിട്ട ഒരുഅനുഭവമായി. കുട്ടനാടിന്റെ സൗന്ദര്യവും വള്ളംകളിയാവേശവും ഒപ്പിയെടുത്ത് സിനിമ പ്രവർത്തകനായ അരുൺ തിലകൻ പാട്ടിന് ദൃശ്യചാരുതയുമേറ്റി. ആലപ്പുഴയുടെ ജല മഹോത്സവപാട്ടിന്റെ അണിയറയിൽ വയലിനിലെ അതുല്യപ്രതിഭ വേദമിത്ര, സിനിമ എഡിറ്റർ സാഗർദാസ് തുടങ്ങി പ്രമുഖരുടെ ഒരു നിരയുണ്ട്‌. പുറത്തിറങ്ങി ദിവസങ്ങൾക്കകം യുട്യൂബ് ചാനലിൽ പുതിയതരംഗം തീർത്ത ഈ ഗാനം ആലപ്പുഴയുടെ വള്ളംകളി എന്നു തിരഞ്ഞാൽ കാണാം.  ‘‘കരയാകെ പടരുന്നേ തുഴ താള പൊലി മേളം കരളാകെ പൊലിയുന്നേ ഇഞ്ചിഞ്ചൊട് കുതിവേഗം '' വള്ളംകളി പ്രേമികളുടെ വീറും വാശിയും നിറച്ച ഗാനം രചിച്ച ജയൻ തോമസ്  കവിയും നാടകപ്രവർത്തകനുമാണ്.  ബ്ലോക്ക് പ്രസിഡന്റായിരിക്കേ കേരളോത്സവം നാടക മത്സരത്തിൽ പങ്കെടുത്ത് മികച്ച നടനായി. പൂങ്കാവ് ചുള്ളിക്കൽ തോമസ്- –ജയിനമ്മ ദമ്പതികളുടെ മകനാണ്.ചമ്പക്കുളം പഞ്ചായത്തിലെ വിഇഒ ബോബി മോൾ ആണ് ഭാര്യ. മക്കൾ റിയ ജയിൻ, ക്രിസ് വിൻ ജോൺ. Read on deshabhimani.com

Related News