വേണം, നെല്ലിയാമ്പതിക്ക് ബദൽ പാത
കൊല്ലങ്കോട് > മഴക്കാലമായാൽ നെല്ലിയാമ്പതി ചുരം റോഡിൽ മരംവീഴ്ചയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും പതിവാണ്. മണ്ണിടിച്ചിലിൽ റോഡും പാലവും തകർന്നാൽ നെല്ലിയാമ്പതി ഒറ്റപ്പെടും. ദിവസങ്ങൾ കഴിഞ്ഞേ ഗതാഗതം ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാൻ കഴിയൂ. ഗതാഗതം പൂർണതോതിലാക്കാൻ പിന്നെയും മാസങ്ങളെടുക്കും. ഇതിന് പരിഹാരമായി ബദൽ പാതയോ, സമാന്തരപാതയോ അനിവാര്യമാണ്. ഗതാഗത തടസ്സം വന്നാൽ വിനോദസഞ്ചാരികൾ, അസുഖബാധിതർ, ആരോഗ്യപ്രവർത്തകർ, രക്ഷാപ്രവർത്തനം നടത്തുന്നവർ എന്നിവരെയും ഭക്ഷ്യസാധനങ്ങൾ, മരുന്ന് തുടങ്ങിയവ എത്തിക്കാനും ആവശ്യമായ സൗകര്യമാണ് ഒരുക്കേണ്ടത്. നെല്ലിയാമ്പതിയിലെ കൈകാട്ടിയിൽനിന്ന് കെഎസ്ഇബി സബ്‌സ്റ്റേഷൻ, മിന്നാംപാറ, കരിമല, കാരാകുറിശി, ആനമട, പെരിയചോല എന്നീ സ്ഥലങ്ങൾ വഴി പറമ്പിക്കുളത്തെ തേക്കടിയിലെത്താം. നിലവിൽ ഇതുവഴി വനം ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താൻ ജീപ്പ് യാത്രക്കനുയോജ്യമായ വനപാതയുണ്ട്. സുരക്ഷാകാരണത്താൽ മറ്റുവാഹനങ്ങൾ കടത്തിവിടാൻ വനംവകുപ്പ് അനുമതി കൊടുക്കാറില്ല. വനംവകുപ്പിന്റെ തന്നെ നേതൃത്വത്തിൽ റോഡ് മെച്ചപ്പെടുത്തി വാഹനങ്ങൾ കടത്തിവിടാൻ സംവിധാനമൊരുക്കിയാൽ അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗപ്രദമാകും. പറമ്പിക്കുളത്തെയും നെല്ലിയാമ്പതിയെയും ബന്ധിപ്പിച്ച് വിനോദസഞ്ചാര സംവിധാനമൊരുക്കാനും ഇതുവഴി കഴിയും. നിലവിൽ പറമ്പിക്കുളം കേന്ദ്രീകരിച്ച് നിബിഢവനത്തിലൂടെ ട്രാവലറുകൾ ഉപയോഗിച്ച് തേക്കടിവരെ വിനോദസഞ്ചാരികൾക്ക് സഫാരി യാത്രയുണ്ട്. പറമ്പിക്കുളം തേക്കടിയിൽനിന്ന് ചമ്മണാംപതി വനപാത പൂർത്തിയായാൽ നെല്ലിയാമ്പതിക്ക് സമാന്തരപാതയും പറമ്പിക്കുളത്തേക്ക് തമിഴ്നാടിനെ ആശ്രയിക്കാതെ യാത്രാ സംവിധാധനവുമാകും. കെ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം, പൊലീസ്, പഞ്ചായത്ത്, റവന്യു, പട്ടികവർഗ ക്ഷേമ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം നെല്ലിയാമ്പതിയിൽനിന്ന് തേക്കടിവരെ ജീപ്പിലും തേക്കടി മുതൽ ചമ്മണാംപതിവരെ നടന്നും സാധ്യതാപഠനം നടത്തിയിരുന്നു. വനപാത യാഥാർഥ്യമായാൽ അവശ്യഘട്ടങ്ങളിലും വിനോദസഞ്ചാരത്തിനും ഫലപ്രദമായി ഉപയോഗിക്കാനാകും. Read on deshabhimani.com