കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു
തിരുവനന്തപുരം > പ്രശസ്ത കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു. 80 വയസ്സായിരുന്നു.തിരുവനന്തപുരത്തായിരുന്നു അന്ത്യം. കഥകളിയില്‍ സഹൃദയ പ്രശംസനേടിയ ഒട്ടേറെ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി. കേരള സര്‍ക്കാരിന്റെ കഥകളി പുരസ്‌കാരം 2013 ല്‍ നേടി. 2018ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ നെല്ലിയോട് മനയില്‍ വിഷ്ണുനമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനാണ്. കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലും അഭ്യാസം പൂര്‍ത്തിയാക്കി. നാട്യാചാര്യന്‍ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായിരുന്നു. തിരുവനന്തപുരം പൂജപ്പുരയിൽ ആയിരുന്നു താമസം. ദീർഘകാലം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ കഥകളി അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ചുവന്നതാടി, വട്ടമുടി, പെൺകരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തിൽ ഏറെ മികവ് പുലര്‍ത്തി. 1999-ൽ കലാമണ്ഡലം അവാർഡ്, 2000-ൽ സംഗീതനാടക അക്കാദമിയുടെ കഥകളി നടനുള്ള അവാർഡ്, 2001-ൽ കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവാർഡ്, 2017-ൽ എൻ.സി.ഇ.ആർ.ടി.യുടെ പദ്മപ്രഭ പുരസ്‌കാരം, തുഞ്ചൻ സ്മാരകം, ഗുരു ഗോപിനാഥ് കലാകേന്ദ്രം, തുളസീവനം പുരസ്‌കാരങ്ങൾ തുടങ്ങി നെല്ലിയോടിനു ലഭിച്ച അംഗീകാരങ്ങൾ നിരവധിയാണ് Read on deshabhimani.com