പശ്ചിമഘട്ട സസ്യകുടുംബത്തിലേക്ക് പുതിയ അതിഥി കൂടി
കോഴിക്കോട് > പശ്ചിമഘട്ട മലനിരകളിലെ സസ്യഗണത്തിലേക്ക് പുതിയ അതിഥി കൂടി. അപിയേസിയെ കുടുംബത്തിലെ ടെട്രാടീനിയം ജനുസ്സിൽപ്പെടുന്ന പുതിയ സസ്യത്തെയാണ് മഹാരാഷ്ട്രയിൽനിന്ന് കണ്ടെത്തിയത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ബോട്ടണി വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിയായ സി രേഖയുടെ ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായാണ് സസ്യത്തെ തിരിച്ചറിഞ്ഞത്. പശ്ചിമഘട്ടത്തിലെ സിന്ധുദുർഗ് ജില്ലയിലെ ചൗകുൾ എന്ന പ്രദേശത്തുനിന്നാണ് വെളുത്ത പൂക്കളും മണ്ണിനടിയിൽ കാണുന്ന റൈസോമുകളോട് കൂടിയ 20 മുതൽ -85 സെന്റി മീറ്റർവരെ ഉയരമുള്ള സസ്യത്തെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ സസ്യശാസ്ത്ര ഗവേഷകനായ പ്രൊഫ. ശ്രീരംഗ് രാമചന്ദ്ര യാദവിനോടുള്ള ബഹുമാനാർഥം ടെട്രാടീനിയം ശ്രീരംഗി എന്നാണ് പേരുനൽകിയത്. കാരറ്റ്, ജീരകം എന്നിവയുടെ ഗണത്തിൽപ്പെടുന്ന സസ്യത്തെ സംബന്ധിച്ച പഠനറിപ്പോർട്ട് അന്താരാഷ്ട്ര ജേർണലായ നോർഡിക് ജേർണൽ ഓഫ് ബോട്ടണിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. കെ എം മനുദേവിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. മഹാരാഷ്ട്രയിലെ എച്ച്പിടി ആൻഡ് ആർവൈകെ സയൻസ് കോളേജ് അധ്യാപകനായ കുമാർ ഛത്പുരി ഗോസാവിയും പുണെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ റിസർച്ച് അസോസിയേറ്റ് ജഗദിഷ് ദാലാവിയും ഗവേഷണ വിദ്യാർഥികളായ എം കെ പ്രശാന്തും അജയ് നാഥ ഗാംഗുർഡേയും പഠനസംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com