ദേശീയപാത വികസനം വേഗത്തിലാക്കണം
കൊല്ലം ദേശീയപാത വികസന പ്രവൃത്തികൾ മന്ദഗതിയിലാണെന്നും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. സർവീസ് റോഡുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി എത്രയുംവേഗം യാത്ര സുഗമമാക്കണമെന്നും എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, സുജിത് വിജയൻപിള്ള, എംപിമാരുടെ പ്രതിനിധികൾ എന്നിവർ ആവശ്യപ്പെട്ടു. മൈനാഗപ്പള്ളി, ശാസ്താംകോട്ട, വെസ്റ്റ് കല്ലട പ്രദേശങ്ങളിൽ തുടരെയുണ്ടാകുന്ന വൈദ്യുതി തടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ ആവശ്യപ്പെട്ടു. നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും പൂർണസമയം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും സുജിത് വിജയൻപിള്ള എംഎൽഎ പറഞ്ഞു. ശബരിമലയിലേക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പ്രതിനിധി പി എ സജിമോൻ ആവശ്യപ്പെട്ടു. ജില്ലയുടെ സമഗ്ര വികസനത്തിന് ദിശാബോധം നൽകുന്ന ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് അതത് ഉപസമിതി കൺവീനർമാർ 10ന് കരടുരേഖ സമർപ്പിക്കണമെന്ന് യോഗത്തിൽ അറിയിച്ചു. 16മുതൽ കരടുരേഖയിൽ ചർച്ച നടത്തും. പോഷ് ആക്ട് പ്രകാരം തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമവുമായി ബന്ധപ്പെട്ട് 15നകം ഇന്റേണൽ കമ്മിറ്റി രൂപീകരിച്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചു. ജില്ലയെ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങളുടെ അവലോകനവും നടത്തി. യോഗത്തിൽ എഡിഎം ജി നിർമൽകുമാർ അധ്യക്ഷനായി. ജില്ലാ പ്ലാനിങ് ഓഫീസർ പി ജെ ആമിന, ജില്ലാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com