ജില്ലയിൽ 3928 ആധാർ പുതുക്കി വിദ്യാർഥികളുടെ ആധാർ 
പുതുക്കാൻ പ്രത്യേക ക്യാമ്പ്



 കാസർകോട്‌ പതിനഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർഥികളുടെ ആധാർ പുതുക്കാൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.  പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സെപ്തംബർ 30നകമാണ് ഐടി മിഷൻ ക്യാമ്പ്‌  നടത്തുക. 15 ന് മുകളിൽ പ്രായമുള്ള 50,858 വിദ്യാർഥികളുടെ  പുതുക്കൽ നടക്കാനുണ്ട്. അഞ്ച് വയസിന് മുകളിലുള്ള 95,584 കുട്ടികളും ആധാർ രജിസ്റ്റർ ചെയ്തിട്ടില്ല.   ജില്ലയിൽ മൂന്ന് മാസത്തിനകം 3928 ആധാർ പുതുക്കിയതായി ജില്ലാതല ആധാർ മോണിറ്ററിങ് സമിതി വിലയിരുത്തി. ഏപ്രിലിൽ 1361 ഉം മേയിൽ 1081 ഉം ജൂണിൽ 1486 ഉം ആധാറാണ്‌ പുതുക്കിയത്. ആധാറുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ച എല്ലാവർക്കും ഒടിപി ഉപയോഗിച്ച് ആധാറിലെ വിവരങ്ങൾ സെപ്തംബർ 14 വരെ സൗജന്യമായി പുതുക്കാം. ജില്ലയിലെ 20 ട്രാൻസ്ജെന്ററുകൾ ആധാർ പുതുക്കാനുണ്ട്‌. അവ പുതുക്കുന്നതിന് സാമൂഹിക നീതി വകുപ്പുമായി ചേർന്ന് ഐടി മിഷൻ ക്യാമ്പ് നടത്തും. ജില്ലയിലെ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കെയർ ഹോമുകളിലെ അന്തേവാസികളുടെ ആധാർ പുതുക്കുന്ന പ്രവർത്തനവും പൂർത്തിയാക്കും. ജില്ലയിലെ 60 വയസ് പിന്നിട്ട മുതിർന്ന പൗരൻമാരുടെയും കിടപ്പുരോഗികളുടെയും ആധാർ പുതുക്കി നൽകാൻ ഗുണഭോക്താക്കളുടെ വീടിന് സമീപത്തെ അക്ഷയ കേന്ദ്രം പ്രവർത്തകർ വീട്ടിലെത്തും. ഇതിനായി ഹോം ആധാർ എന്റോൾമെന്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. യോഗത്തിൽ  കലക്ടറുടെ ഓൺലൈൻ പരാതി പരിഹാര പദ്ധതിയായ കണക്ടിങ് കാസർകോട് പ്രവർത്തനം അവലോകനം ചെയ്തു. യോഗത്തിൽ എഡിഎം കെ വി ശ്രുതി അധ്യക്ഷയായി. യുഐഡിഎഐ എസ്ടി പ്രൊജക്ട് മാനേജർ ടി ശിവൻ, റവന്യൂ റിക്കവറി തഹസിൽദാർ കെ വി ശശികുമാർ, ഐടി മിഷൻ ഡിപിഎം കപിൽദേവ് തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News