പുല്ലൂര്‍ ഏമ്പംകുണ്ട് പ്രദേശം 
വെള്ളപ്പൊക്ക ഭീഷണിയില്‍

ഭാഗികമായി നികത്തിയ പുല്ലൂർ ഏമ്പംകുണ്ട് തോട്‌


പുല്ലൂർ  ദേശീയപാത നിർമാണ കരാറുകാരുടെ അശാസ്ത്രീയ പ്രവൃത്തി കാരണം പുല്ലൂർ ഏമ്പംകുണ്ട് പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിൽ. ഏമ്പംകുണ്ടിൽ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് സർവീസ് റോഡ് നിർമാണത്തിനായി തോട് ഭാഗികമായി നികത്തി. ഈ ഭാഗത്ത്   പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് ജോലി ആരംഭിച്ചിട്ടുണ്ട്. സർവീസ് റോഡ് പൂർത്തിയാക്കാൻ തോട് പൂർണമായും നികത്തുമെന്നാണ് അറിയുന്നത്. തുടർച്ചയായി ശക്തമായ മഴ വരുമ്പോൾ തോടിന്റെ അവശേഷിച്ച ഭാഗത്ത് കുത്തിയൊലിക്കുകയാണ്. തോട്ടിൽ നിന്നും വെളളം കരകവിഞ്ഞ് സമീപത്തെ വയലുകളിലേക്കും മറ്റും ഒഴുകുന്നു. തോടിന് അപ്പുറത്ത് നിറയെ വയലുകളാണ്. വെങ്ങാട്ട് ഭാഗത്ത് നിരവധി വീടുകളുണ്ട്. കേന്ദ്ര സർവകലാശാലയുടെ ഒരു ഹോസ്റ്റലും കടയും ഈ ഭാഗത്തുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ ഇവയെല്ലാം വെള്ളത്തിൽ  മുങ്ങുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. ഇപ്പോൾ തന്നെ വെള്ളം കയറി നെൽകൃഷി നശിച്ചുതുടങ്ങിയിട്ടുണ്ട്. പുല്ലൂർ ടൗണിനും പൊള്ളക്കടയ്‌ക്കും ഇടയിലുള്ള വളവിലാണ്  പ്രദേശം. പടിഞ്ഞാറു ഭാഗത്തേക്കും തിരിച്ചും കടക്കാൻ തോടിന് കവുങ്ങ് തടി കൊണ്ട്  പാലം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ദ്രവിച്ചുതുടങ്ങിയതിനാൽ ഇതിലൂടെ കടക്കാൻ ആളുകൾ ഭയപ്പെടുന്നു. മുമ്പ് പാലം തകർന്നപ്പോൾ നാട്ടുകാരാണ് കവുങ്ങ് കൊണ്ടുള്ള പാലമുണ്ടാക്കിയത്. പാലം ഇല്ലാതായാൽ  പ്രദേശമാകെ ഒറ്റപ്പെടും. പുല്ലൂർ തോടിൽ ജലനിരപ്പ് ഉയരുകയും ഒഴുക്കിന് ശക്തി കൂടുകയും ചെയ്തതിനാൽ വയലുകളിലേക്ക് വെള്ളം  കയറിയിട്ടുണ്ട്.     Read on deshabhimani.com

Related News