മട്ടന്നൂർ -കുറ്റ്യാടി വിമാനത്താവളപാത ഉടൻ യാഥാർഥ്യമാക്കണം
ചമ്പാട് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽനിന്നും പെരിങ്ങത്തൂർ -പാനൂർ– മട്ടന്നൂർ വഴി വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാപാത ഉടൻ യാഥാർഥ്യമാക്കണമെന്ന് സിപിഐ എം പാനൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതി നടപ്പിക്കുന്നതോടെ ഭൂമിയും വീടും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും വേണം. ജലജീവൻ മിഷൻ പദ്ധതി ഉടൻ നടപ്പാക്കുക, നിർമാണ പ്രവൃത്തി പാതിവഴിയിലുള്ള കരിയാട് –-കിടഞ്ഞി –- തുരുത്തി മുക്ക് പാലം ഉടൻ പൂർത്തിയാക്കുക, മലനാട് മലബാർ റിവർ ക്രൂസ് പദ്ധതി വേഗത്തിൽ നടപ്പിലാക്കുക, കിൻഫ്ര പാർക്കിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തുക, ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ ആധുനിക കോഴ്സുകൾ ആരംഭിക്കുക, പാനൂർ താലൂക്കാശുപത്രി സ്ഥലമെടുപ്പ് വേഗത്തിൽ പൂർത്തീകരിക്കുക, വാഴമല–- നരിക്കോട് മല റോഡ് മലയോര ഹൈവേയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തി നടത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 16 ലോക്കലുകളെ പ്രതിനിധീകരിച്ചു 39 പേർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം വത്സൻ പനോളിയും, ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ളയും ചർച്ചയ്ക്ക് മറുപടി നൽകി. സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറിയംഗങ്ങളായ എം സുരേന്ദ്രൻ, കാരായി രാജൻ, പി ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം കെ ലീല എന്നിവർ സംസാരിച്ചു. മീത്തലെ ചമ്പാട് കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചോടെയുള്ള ബഹുജനപ്രകടനം താഴെ ചമ്പാട് അരയാക്കൂലിൽ സമാപിച്ചു. പൊതുസമ്മേളനം യെച്ചൂരി–- - കോടിയേരി നഗറിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. പി ജയരാജൻ, വത്സൻ പനോളി, പി ഹരീന്ദ്രൻ, കെകെ പവിത്രൻ, ഒ കെ വാസു, മുഹമ്മദ് സാദിഖ് മലപ്പുറം എന്നിവർ സംസാരിച്ചു. ഇ വിജയൻ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം നവഭാവന ആർട്സ് അവതരിപ്പിച്ച പി കൃഷ്ണപിള്ളയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ വിൽപ്പാട്ട് കലാപാടികളുമരങ്ങേറി. വിവിധ മത്സര വിജയികൾക്കുള്ള ഉപഹാരം ഇ പി ജയരാജൻ സമ്മാനിച്ചു. പ്രതിപക്ഷനേതാവ് വികസനത്തിന് തുരങ്കംവയ്‌ക്കുന്നു: ഇ പി പാനൂർ കേരളത്തിന്റെ വികസനത്തിന് എല്ലാതരത്തിലും തുരങ്കംവയ്‌ക്കുന്ന ശകുനംമുടക്കിയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് സംസ്ഥാന സർക്കാരിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും അസ്ഥിരപ്പെടുത്താനാണ് ശ്രമം. സിപിഐ എം പാനൂർ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് വർഗീയവാദികളെയും മതതീവ്രവാദ സംഘടനകളെയുമാണ് കൂട്ടുപിടിക്കുന്നത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്റെ നിലനിൽപ്പുമാണ് സിപിഐ എമ്മിന്റെ ലക്ഷ്യമെന്നും ഇ പി ജയരാജൻ പറഞ്ഞു. കെ ഇ കുഞ്ഞബ്ദുള്ള പാനൂർ ഏരിയാ സെക്രട്ടറി ചമ്പാട് സിപിഐ എം പാനൂർ ഏരിയാ സെക്രട്ടറിയായി കെ ഇ കുഞ്ഞബ്ദുള്ളയെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 28 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും ഏകകണ്‌ഠമായി തെരഞ്ഞെടുത്തു. എ രാഘവൻ, കെ കെ സുധീർകുമാർ, വി കെ രാകേഷ്, എൻ അനിൽകുമാർ, എ ശൈലജ, എൻ അനൂപ്, എം പി ബൈജു, എ പി ഭാസ്കരൻ, എം ടി കെ ബാബു, എ പ്രദീപൻ, പ്രജീഷ് പൊന്നത്ത്, കെ പി രാജേഷ്, പി സരോജിനി, പി മനോഹരൻ, കിരൺ കരുണാകരൻ, വി ഉദയൻ, കെ കെ ശ്രീജ, കെ ജയരാജൻ, പി എസ് സഞ്ജീവ്, ഒ കെ വാസു എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ. Read on deshabhimani.com