കൊണ്ടോട്ടി ആസ്ഥാനമായി 
മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കണം

സിപിഐ എം കൊണ്ടോട്ടി ഏരിയാ സമ്മേളന ഭാഗമായി എടവണ്ണപ്പാറയിലെ സീതാറാം യെച്ചൂരി നഗറിൽ നടന്ന പൊതുസമ്മേളനം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


കൊണ്ടോട്ടി കൊണ്ടോട്ടി ആസ്ഥാനമായി മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് സിപിഐ എം കൊണ്ടോട്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പട്ടണമാണ് കൊണ്ടോട്ടി. താലൂക്ക് ആസ്ഥാനമായിട്ടും ഇവിടെ സിവിൽ സ്റ്റേഷൻ കോംപ്ലക്‌സില്ല. താലൂക്ക് ഓഫീസ്, രജിസ്ട്രാർ ഓഫീസ്, ട്രഷറി ഓഫീസ്, ആർടിഒ, ലീഗൽ മെട്രോളജി, സപ്ലൈ ഓഫീസ്, കൃഷി ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉൾപ്പെടെ ജനസേവന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കണം. കൊണ്ടോട്ടി താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുക, സഹകരണ വകുപ്പ് അസി. ഡയറക്ടർ ഓഡിറ്റ് ഓഫീസ് കൊണ്ടോട്ടിയിൽ അനുവദിക്കുക, വാഴയൂർ നാലുസെന്റ്‌  കോളനി അർഹരായവർക്ക് പതിച്ചുനൽകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയം) സമ്മേളനത്തിന്റെ രണ്ടാംദിനമായ ഞായറാഴ്ച പി വി സുനിൽ കുമാർ, എം ഹബീബുറഹ്മാൻ, പി കൃഷ്ണൻ, വി രാജഗോപാലൻ എന്നിവർ പ്രമേയങ്ങളും കെ ബാലകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ഏരിയാ സെക്രട്ടറി പി കെ മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി അനിൽ, വി എം ഷൗക്കത്ത്, കെ പി സുമതി, വി പി സക്കറിയ, പി കെ ഖലീമുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം എൻ പ്രമോദ് ദാസ് എന്നിവർ സംസാരിച്ചു. വി രാജഗോപാലൻ നന്ദി പറഞ്ഞു. സമ്മേളനത്തിന് സമാപനംകുറിച്ച് പണിക്കരപുറായയിൽനിന്ന് റെഡ് വളന്റിയർ മാർച്ചും പ്രകടനവും നടന്നു. സീതാറാം യെച്ചൂരി നഗറിൽ (എടവണ്ണപ്പാറ-–-അരിക്കോട് റോഡ് പരിസരം)  നടന്ന പൊതുസമ്മേളനം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി കെ മോഹൻദാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എൻ പ്രമോദ്‌ ദാസ്‌, ഡോ. പി സരിൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ വി രാജഗോപാലൻ സ്വാഗതവും സി ഭാസ്‌കരൻ നന്ദിയും പറഞ്ഞു. തുടർന്ന്‌ തുറക്കൽ അരങ്ങ്‌ കലാസംസ്‌കാരിക വേദിയുടെ ഗാനമേള അരങ്ങേറി. Read on deshabhimani.com

Related News