തെരഞ്ഞെടുപ്പ് കളറായി; 
കുട്ടിവോട്ടർമാർ ഹാപ്പി

കൊല്ലം ഗവ. ടിടിഐ സ്കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ട്‌ രേഖപ്പെടുത്തുന്ന വിദ്യാർഥി


കൊല്ലം പരസ്യപ്രചാരണവും കൊട്ടിക്കലാശവും സ്ഥാനാർഥികളുടെ പ്രചാരണവും ഉഷാർ. നിശ്ശബ്ദപ്രചാരണത്തിനു ശേഷം വോട്ടർ അകത്തെത്തിയപ്പോൾ ബൂത്തിനകത്ത് പോളിങ്‌ ഏജന്റുമാരും ഉദ്യോഗസ്ഥരും റെഡി. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വോട്ടർ പട്ടികയിൽ ഒത്തുനോക്കിയ ശേഷമാണ് വോട്ടറുടെ വിരലിൽ മഷി പുരട്ടിയത്. തുടർന്ന് വോട്ട് ചെയ്യാൻ ബാലറ്റുപെട്ടിയും സജ്ജം.  തെരഞ്ഞെടുപ്പിൽ നോട്ടയ്ക്കും കിട്ടി മൂന്നുവോട്ട്‌. കൊല്ലം ഗവ. ടിടിഐ സ്‌കൂളിലെ കുരുന്നുകളുടെ സ്കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പാണ്‌ പൊതുതെരഞ്ഞെടുപ്പുകളുടെ ശൈലിയിൽ ആദ്യാവസാനം സംഘടിപ്പിച്ചത്‌. ജനാധിപത്യത്തിന്റെ ബാലപാഠം പഠിച്ച്  സമയബന്ധിതമായി നാമനിർദേശ പത്രിക സമർപ്പിച്ച ഏഴ്‌ സ്ഥാനാർഥികളിൽ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് എതിരില്ലാതെ ആറാം ക്ലാസുകാരി നക്ഷത്ര ജയമുറപ്പിച്ചതോടെ വാശിയേറി. ശേഷിക്കുന്ന ആറുപേരാണ് അവസാനഘട്ടത്തിൽ മത്സരരംഗത്തുണ്ടായത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നാലുപേരും ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടുപേരും വീതമാണ് മത്സരിച്ചത്. ജനാധിപത്യ വ്യവസ്ഥയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പഠിക്കാൻ കുട്ടികൾക്കിതിലൂടെ കഴിഞ്ഞുവെന്ന്‌ വോട്ടെണ്ണലിനു ശേഷം വിജയികളെ പ്രഖ്യാപിച്ച സ്‌കൂൾ പ്രിൻസിപ്പൽ ഇ ടി സജി പറഞ്ഞു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മുസ്തഫയും ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് ജെനി ഫ്രാൻസിസും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പു നടപടികൾക്ക് അധ്യാപകരായ പി കെ ഷാജി, എം പി ജോൺ, സൂസമ്മ അലക്സ് എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News