അൽപ്പം ശമനം, ആശ്വാസമില്ല
പാലക്കാട് ജില്ലയിൽ മഴയ്‌ക്ക് നേരിയ ശമനമുണ്ടെങ്കിലും ദുരിതം അവസാനിക്കുന്നില്ല. 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 1319 പേരുണ്ട്. മഴ കുറഞ്ഞതിനാൽ ക്യാമ്പുകളിലുണ്ടായിരുന്ന പകുതിയോളംപേർ മടങ്ങി. വെള്ളിയാഴ്‌ച മഴയിലും കാറ്റിലും കുഴൽമന്ദത്ത് രണ്ട് വീട് തകർന്നു. മംഗലം, കടപ്പാറ, നെല്ലിയാമ്പതി, കാഞ്ഞിരപ്പുഴ, മലമ്പുഴ മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മുൻകരുതലായി നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വടക്കഞ്ചേരി മുതൽ കുതിരാൻ വരെ ദേശീയപാതയിൽ മഴപെയ്‌ത് പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടത് അപകടഭീഷണിയാണ്. തകർന്ന പട്ടാമ്പി പാലത്തിൽ കാൽനട യാത്രയ്‌ക്ക് സൗകര്യമൊരുക്കി. ഭാരതപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞു. ശിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, പോത്തുണ്ടി, മംഗലം അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. കഴിഞ്ഞ ദിവസങ്ങളിലുള്ളതിനേക്കാൾ പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ആളിയാറിൽ ഷട്ടറുകൾ അടച്ചു. ആഗസ്‌ത് ആറുവരെ ജില്ലയിൽ ചെറുതും ഇടത്തരവുമായ മഴയ്‌ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നുമുതൽ ആഗസ്‌ത് രണ്ടുവരെ 15 ശതമാനം അധികം ലഭിച്ചു. Read on deshabhimani.com