ജവാൻ വിഷ്ണുവിന്റെ സ്മരണയ്‌ക്കായി വായനശാല

വിഷ്ണുവിന്റെ ഓർമയ്ക്കായി നിർമിക്കുന്ന വായനശാലയുടെ പുസ്തക സമാഹരണയജ്ഞം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്യുന്നു


വിതുര ജവാൻ വിഷ്ണുവിന്റെ ഓർമയ്ക്കായി ജന്മനാട് വായനശാല നിർമിക്കും. ഛത്തീസ്ഗഢിൽ കുഴിബോംബ് പൊട്ടി വീരമൃത്യുവരിച്ച സിആർപിഎഫ് ജവാൻ ചെറ്റച്ചൽ ജഴ്സി ഫാം ജങ്ഷനിൽ ആർ വിഷ്ണുവിന്റെ പേരിലാണ്‌ വായനശാല സ്ഥാപിക്കുന്നത്‌. ‘വിഷ്ണു സ്മൃതി’ ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ ഒന്നുമുതൽ 15 വരെ നീളുന്ന പുസ്തക സമാഹരണ യജ്ഞം ആരംഭിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു.  ജഴ്സി ഫാം ജങ്ഷനിൽ തുറന്ന കൗണ്ടറിലേക്ക് നിരവധി പേരാണ്‌ പുസ്തകങ്ങൾ നൽകിയത്‌.  ജനകീയ കൂട്ടായ്മ ചെയർമാൻ കെ ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി രതീഷ് ഭാവന, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എൻ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ്‌ മഞ്ജുഷ ജി ആനന്ദ്, മാൻകുന്നിൽ പ്രകാശ്, ലൗലി, സിന്ധു, രവികുമാർ, എ ആർ മഞ്ജുഷ, സാഹില തുടങ്ങിയവർ പങ്കെടുത്തു. ചെറ്റച്ചൽ വലിയവിളയിൽ സന്തോഷ് കുമാർ ഒരു വർഷത്തേക്ക് സൗജന്യമായി നൽകിയ മുറിയിൽ 15-ന് വായനശാല പ്രവർത്തനം ആരംഭിക്കും. തുടർന്ന് ഉചിതമായ സ്ഥലം കണ്ടെത്തി മന്ദിരം നിർമിക്കാനാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു. Read on deshabhimani.com

Related News