തളിപ്പറമ്പ് സമ്മേളനത്തിന് ആവേശോജ്വല തുടക്കം
തളിപ്പറമ്പ് കർഷക പോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന മോറാഴയുടെ മണ്ണിൽ സിപിഐ എം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. സ്‌റ്റംസ് കോളേജിലെ കെ ബാലകൃഷ്‌ണൻ നഗറിൽ മുതിർന്ന അംഗം കെ കൃഷ്ണൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. സി എം കൃഷ്ണൻ താൽക്കാലിക അധ്യക്ഷനായി. കെ സന്തോഷ് രക്തസാക്ഷി പ്രമേയവും ടി ബാലകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി എം കൃഷ്ണൻ (കൺവീനർ), എൻ അനൂപ്, സി അബ്ദുൾകരീം, ടി പി അഖില എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ഏരിയാ സെക്രട്ടറി കെ സന്തോഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതുചർച്ച തുടങ്ങി. സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, കെ വി സുമേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി കെ ശ്യാമള, പി മുകുന്ദൻ, കെ സി ഹരികൃഷ്ണൻ, സാജൻ കെ ജോസഫ് എന്നിവർ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയർമാൻ കെ ദാമോദരൻ സ്വാഗതം പറഞ്ഞു. 15 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും ഏരിയാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 171 പേർ പങ്കെടുക്കുന്നു. സമ്മേളന സമാപനത്തോടനുബന്ധിച്ച് ഞായർ പകൽ മൂന്നിന് മോറാഴ സ്‌റ്റംസ് കോളേജ് കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർമാരുടെ മാർച്ചും പ്രകടനവും. വൈകിട്ട് നാലിന് ഒഴക്രോം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com