മണ്ണല്ല ആ മനസാണ് മാസ്
ഇരിട്ടി വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ചൂരൽ മലയിൽ ഏഴുകിലോമീറ്റർ അകലെ കുടിലിൽ ഒറ്റപ്പെട്ടുപോയ കൃഷ്‌ണന്റെയും കുടുംബത്തിന്റെയും കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതുമുതൽ മാലൂർ ഗവ. എച്ച്‌എസ്‌എസ് അധ്യാപകൻ തോമസ് ദേവസ്യയുടെ മനസ് പിടഞ്ഞു. കിലോമീറ്ററുകൾക്ക് അകലെ ജീവിതത്തിൽ ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ആ മനുഷ്യൻ അനുഭവിച്ച സഹനപർവം. യാതന. ഒടുവിൽ ഒരു തീരുമാനത്തിലെത്തി ആ സഹജീവിയെ ചേർത്തു പിടിക്കണം. കൃഷ്‌ണന് വീടൊരുക്കാൻ തന്റെ ഭൂമിയിൽ നിന്ന് അൽപം നൽകാം. തുടർന്ന് ഇസ്രയേലിൽ ജോലിചെയ്യുന്ന ഭാര്യ അമ്പിളി, സഹോദരങ്ങളായ ജോർജ്, ഷൈനി എന്നിവരുമായി ബന്ധപ്പെട്ടു. എല്ലാവരും തീരുമാനത്തിനൊപ്പം ചേർന്നു നിന്നു. തുടർന്ന് നെല്ലിക്കാംപൊയിലിലെ തന്റെ പതിനഞ്ച് സെന്റ് സ്ഥലം സർക്കാരിന് വീട്ട് നൽകാൻ തീരുമാനിച്ചു. ഭൂമിയുടെ സമ്മതപത്രം വില്ലേജ് ഓഫീസർ വിനീത്, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി എന്നിവർക്ക് കൈമാറി. സിനിമാ–-നാടക പ്രവർത്തകനും ഗായകനുമാണ് തോമസ് ദേവസ്യ. ഇദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച ‘മലേറ്റം’ മികച്ച കുട്ടികളുടെ സിനിമയ്‌ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. ഇപ്പോൾ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. ആര്യരംഗാണ് മകൻ. Read on deshabhimani.com