സിബിഐ ചമഞ്ഞും ഓൺലൈൻ തട്ടിപ്പ് മകൾ അറസ്‌റ്റിലെന്ന് ഭയപ്പെടുത്തി അച്ഛനിൽനിന്ന് പണംതട്ടാൻ ശ്രമം
ഇരിട്ടി സിബിഐ, പൊലിസ് ഓഫീസർ ചമഞ്ഞ് ഫോൺ വിളിച്ച് തട്ടിപ്പ് നടത്തുന്ന സംഘം ഇരിട്ടി മേഖലയിലും. സ്വകാര്യ കോളേജ് അധ്യാപകനും ഇരിട്ടി ചിദംബരം നൃത്ത–-സംഗീത വിദ്യാലയം ഉടമയുമായ കെ എം കൃഷ്ണന്റെ ഫോണിലേക്കാണ് വ്യാജ സിബിഐ ഉദ്യോഗസ്ഥരുടെ ഫോൺ വിളിയെത്തിയത്. ചെന്നൈയിൽനിന്നാണെന്നും സിബിഐ ഓഫീസറാണെന്നും ഹിന്ദിയിൽ പരിചയപ്പെടുത്തിയാണ് സംസാരം. ഹിന്ദി അറിയില്ലെന്ന് പറഞ്ഞതോടെ ഇംഗ്ലീഷിലായി സംഭാഷണം. ചെന്നൈയിൽ കോളേജ് വിദ്യാർഥിയായ കൃഷ്ണന്റെ മകളെ സിബിഐ അറസ്റ്റുചെയ്തുവെന്നും ഉടൻ ചെന്നൈയിലെത്താനുമാണ് ആവശ്യപ്പെട്ടത്. കൃഷ്ണൻ ഗൗനിച്ചില്ല. തുടരെ പിന്നീടും ഫോൺവിളിയെത്തി. മകളുടെയും കൂട്ടുകാരുടെയും പേരും വിലാസവും കൃഷ്ണന്റെ പേരും വിലാസവും ഉൾപ്പെടെ അറിയിച്ചതോടെ ‘സിബിഐ’ അധികൃതരുടെ വാക്കുകളിൽ കുടുങ്ങി. മയക്കുമരുന്നിന് അടിപ്പെട്ട് മകളുടെ കൂട്ടുകാരി ആത്മഹത്യക്ക് തുനിഞ്ഞുവെന്നും സംഭവത്തിൽ മകളും ഉൾപ്പെട്ടതായും അറിയിച്ചതോടെ പരിഭ്രാന്തിയിലായി. വാട്സാപ്പിലായിരുന്നു വിളികൾ. മകളുടേതെന്ന വ്യാജേന പെൺകുട്ടിയുടെ നിലവിളിയും കേൾപ്പിച്ച അജ്ഞാതൻ സംഭവം ഒതുക്കാൻ പത്തംഗ ‘സിബിഐ ഉദ്യോഗസ്ഥർക്ക്’ 25,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു. ഉടൻ മകളെ വിളിച്ച് സുരക്ഷിതയാണെന്ന് ഉറപ്പാക്കിയശേഷം ഇരിട്ടി സിഐ എ കുട്ടിക്കൃഷ്ണന് പരാതി നൽകി. കാക്കയങ്ങാട്ടെ മറ്റൊരു ദമ്പതികളെയും പൊലിസ് വേഷത്തിൽ വീഡിയോകോൾ വിളിച്ച് മകളെ അറസ്റ്റുചെയ്തെന്ന് അറിയിച്ച് തട്ടിപ്പിന് മുതിർന്നു. വിരമിച്ച ഉദ്യോഗസ്ഥനെ ഇതേ മട്ടിൽ കബളിപ്പിച്ച് ഏഴുലക്ഷം രൂപ വെട്ടിച്ച സംഭവവും ഇരിട്ടിയിലുണ്ടായിരുന്നു. Read on deshabhimani.com