മോഷണം പതിവാക്കിയവർ വീരാജ്‌പേട്ടയിൽ അറസ്‌റ്റിൽ



ഇരിട്ടി കുടക്, മൈസൂരു മേഖലകളിൽ മോഷണം പതിവാക്കിയ  മലയാളികൾ  വീരാജ്പേട്ടയിൽ അറസ്റ്റിൽ. ഉളിക്കൽ മണ്ഡപപ്പറമ്പിലെ ടി എ സലിം (42), കുടക് സോമവാർപേട്ട ഗാന്ധിനഗറിലെ സഞ്ജു എന്ന സഞ്ജയ് കുമാർ (30) എന്നിവരാണ്‌ പിടിയിലായത്‌. കേരളത്തിലും കർണാടകത്തിലും നിരവധി മോഷണക്കേസുകളിൽ പ്രതികളാണിവർ. മാടത്തിൽ പൂവ്വത്തിൻകീഴിൽ ഭഗവതി ക്ഷേത്രം, പെരിങ്കരി പള്ളി, കേളകം മസ്ജിദ് എന്നിവിടങ്ങളിലെ കവർച്ചയ്‌ക്കുപിന്നിലും ഇരുവരുമാണ്‌.  21 ന് ഇരിട്ടി ടൗണിലെ രണ്ട് മൊബൈൽ ഷോപ്പുകളുടെ  പൂട്ട് തകർത്ത്‌ പ്രതികൾ മൊബൈലും പണവും കവർന്ന്‌ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിന്‌ മുന്നിൽ നിർത്തിയിട്ട  ബൈക്കും മോഷ്ടിച്ചാണ്‌  കുടകിലേക്ക്‌ നീങ്ങിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. കുടക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ച്‌ കേസുകളും മൈസൂരു സിറ്റി സ്റ്റേഷനിൽ രണ്ടുകേസും  കണ്ണൂർ ജില്ലയിൽ നാലുകേസുകളും ഇരുവർക്കെതിരെയുണ്ട്‌. മൂന്ന് ഇരുചക്രവാഹനങ്ങളും 9,050 രൂപയും പ്രതികളിൽനിന്ന്‌ പിടിച്ചെടുത്തു.   ഇരിട്ടിയിൽനിന്നും  കവർന്ന  ബൈക്കുമായി ഇവർ തലശേരി ഭാഗത്തേക്ക് പോയതായും തിരികെ കൂട്ടുപുഴ വഴി കർണാടകത്തിലേക്ക്‌ കടന്നുവെന്നും  സിസി ടിവി ക്യാമറിയിൽനിന്ന്‌  പൊലീസ്‌ തിരിച്ചറിഞ്ഞു.  28ന് വീരാജ്പേട്ടയിലെ  ‘ബേ  ത്രി’ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ തകർത്ത് 25,000 രൂപയും സിഗരറ്റ് പായ്ക്കറ്റുകളും  കവർന്ന കേസിലെ  അന്വേഷണത്തിനിടെയാണ്‌  ഇരുവരും പൊലീസ്‌ പിടിയിലായത്‌.   Read on deshabhimani.com

Related News