തണലൊരുക്കി; ഇനി താങ്ങുവേണം
കാസർകോട് ഏണിയാർപ്പിലെ "ലൈഫ് ഹൗസ് വില്ല'ക്കാർക്ക് താമസിക്കാൻ വീടൊരുങ്ങിയെങ്കിലും ഇനിയും സർക്കാരിന്റെ കരുതൽ വേണം. 14 ഏക്കർ റവന്യു ഭൂമിയാണ് ലൈഫ് ഭവനപദ്ധതിക്കായി ഇവിടെ അനുവദിച്ചത്. ബേള വില്ലേജിലെ ഏണിയാർപ്പിൽ 413 കുടുംബങ്ങൾക്ക് നൽകാൻ മൂന്നുസെന്റ് ഭൂമി വീതമാണ് സർക്കാർ നൽകിയത്. അഞ്ചുവർഷത്തിനുള്ളിൽ അറുപതോളം കുടുംബം ഇവിടെ താമസമാരംഭിച്ചു. മിക്കവരും കൂട്ടുകുടുംബമായാണ് താമസം. വീടുകൾക്കെല്ലാമായി ഇവർ "ലൈഫ് ഹൗസ് വില്ല'യെന്ന് പേരുമിട്ടു. കയറിക്കിടക്കാൻ ഇടമില്ലാത്തവർക്ക് ‘ലൈഫു’ണ്ടാക്കിയ കരുതലാണ് പേരിന് പിന്നിലെന്നാണ് ഇവിടുത്തുകാർ പറയുന്നത്. താമസക്കാരെത്തിയില്ലെങ്കിലും നിർമാണം പൂർത്തിയായ നൂറിലേറെ വീടുകൾ ഇനിയുമുണ്ട്. നിർമാണം നടക്കുന്ന അമ്പതോളം വീടുകൾ വേറെയും. നീണ്ടുകിടക്കുന്ന ഭൂമിയിലേക്കുള്ള റോഡും എല്ലാ വീട്ടിലേക്കുമുള്ള നടവഴിയും അളന്നുതിരിച്ച് നൽകാനുണ്ട്. 14 ഏക്കറിനെയും സുരക്ഷിതമാക്കുംവിധം ചുറ്റുമതിലും വേണം. ജലജീവൻ മിഷൻ വാട്ടർ ടാങ്കിന്റെ പണി പൂർത്തിയാക്കിയെങ്കിലും ഇതുവരെ കുടിവെള്ളമെത്തിയില്ല. രണ്ട് കുഴൽകിണർ മാത്രമാണ് ആശ്രയം. എല്ലാ വീട്ടിലേക്കും പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ള സൗകര്യമൊരുക്കണം. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ വില്ലയിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണം. ഹൈമാസ്‌റ്റ് വിളക്കും ആവശ്യമാണ്. താമസക്കാരിൽ ഭൂരിഭാഗവും സ്‌ത്രീകളായതിനാൽ ഉപജീവന മാർഗമെന്ന നിലയിൽ സ്വയംതൊഴിൽ പദ്ധതികളും ആവശ്യമാണ്. കുട്ടികൾ നിരവധിയുള്ളതിനാൽ അങ്കണവാടിയും വായനശാലയും കളിസ്ഥലവും ഉറപ്പാക്കണമെന്ന ആവശ്യവും ഇവർക്കുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തിയുള്ള സമഗ്ര പാക്കേജ് സർക്കാർ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ. ഇനി വേണ്ടത് വികസനം തലചായ്‌ക്കാൻ ഇടമില്ലാതെ കുടുംബവീട്ടിലും വാടക വീട്ടിലും കൂരയിലുമായി ജീവിതം തള്ളിനീക്കി കഴിഞ്ഞിരുന്നവർക്ക് കൈത്താങ്ങായി സംസ്ഥാന സർക്കാർ ലൈഫിലൂടെ വീടൊരുക്കി. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം യുവജനങ്ങൾക്കും കുട്ടികൾക്കും ആവശ്യമായ അങ്കണവാടിയും കളിസ്ഥലവും വായനശാലകളുമെല്ലാം വരേണ്ടതുണ്ട്. എം എച്ച് മുഹമ്മദ് നാസിർ കിടപ്പാടം ലഭിച്ച താമസക്കാരൻ സർക്കാറിന്റെ കരുതൽ ആവശ്യം കൂടുതൽ സ്‌ത്രീകളും കുട്ടികളും താമസിക്കുന്ന ഇവിടേക്ക് സർക്കാരിന്റെ കരുതലും വികസന പദ്ധതിയും ആവശ്യമാണ്. ഉപജീവന മാർഗം പ്രയാസത്തിലാണ്. സ്‌ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭം ഉൾപ്പെടെ വേണം. ഓരോ വീട്ടിലേക്കും നടവഴിയും കുടിവെള്ളവും ലഭ്യമാക്കണം. റോഡും വെളിച്ചവുമെത്തിക്കണം. ഇതിനും സർക്കാർ മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷ. എം പ്രസന്നകുമാരി മഹിളാ അസോസിയേഷൻ നീർച്ചാൽ വില്ലേജ് സെക്രട്ടറി മാതൃകാ വില്ലയാക്കി മാറ്റണം ബദിയടുക്ക പഞ്ചായത്തിലെ ഏണിയാർപ്പ് "ലൈഫ് ഹൗസ് വില്ല'യിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കി സംസ്ഥാന സർക്കാരിന്റെ മാതൃകാ വില്ലയാക്കി മാറ്റണം. ആധുനിക രീതിയിൽ പദ്ധതി തയ്യാറാക്കി ഇവിടുത്തെ വികസനം ഉറപ്പാക്കണം. നാനൂറോളം കുടുംബത്തിന് താമസിക്കാനാവുംവിധം ലൈഫിൽ വീടൊരുക്കാൻ കഴിയുമെന്നിരിക്കെ എല്ലാ സൗകര്യങ്ങളും ലഭിച്ചാൽ മാതൃകാ പ്രദേശമായി ഇവിടം മാറും. അതിനായി പദ്ധതി തയ്യാറാക്കി സർക്കാരിന് കൈമാറാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സുബൈർ ബാപ്പാലിപ്പൊനം സിപിഐ എം നീർച്ചാൽ ലോക്കൽ സെക്രട്ടറി Read on deshabhimani.com