അനന്തംപള്ളയിലും എരിക്കുളത്തും 
പച്ചക്കറികൃഷിക്ക് വൻനാശം

കനത്ത മഴയിൽ എരിക്കുളം വയലിലെ പച്ചക്കറി കൃഷി നശിച്ച നിലയിൽ


 കാഞ്ഞങ്ങാട് രണ്ട് ദിവസത്തെ കനത്ത മഴയിൽ കാഞ്ഞങ്ങാട് അനന്തംപള്ളയിൽ നൂറേക്കര്‍ പാടശേഖരങ്ങളിലെ പച്ചക്കറി കൃഷി വെള്ളം കയറി നശിച്ചു. വെള്ളരി, കക്കിരി, വെണ്ട, ചീര, മത്തൻ, കുമ്പളം, നരമ്പൻ, വഴുതിന, മരച്ചീനി, കിഴങ്ങ്, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തിരുന്നത്. പാട്ടഭൂമിയിൽ കൃഷി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. അനന്തംപള്ളയിലെ എം വി കുഞ്ഞികൃഷ്ണൻ, ടി എം ശശി, കെ കുഞ്ഞി കൃഷ്ണൻ, ടി ദാമോദരൻ, ടി രാമകൃഷ്ണൻ,  സി കല്യാണി, വി വിബാബുരാജ്, അനിതാ മധുസൂദനൻ, പ്രകാശൻ, നാരായണി, കെ കാഞ്ചന, ഇബ്രാഹിം,  രവി മടുപ്പിൽ, സി പ്രഭാകരൻ,  പുഷ്പ, ബേബി,  ടി പി രാമകൃഷ്ണൻ, രാമകൃഷ്ണൻ മടിപ്പിൽ, ഗോപി, ഒ ഗായത്രി ബാലൻ, കൃഷ്ണൻ, ശോഭന, കെ വി  കാർത്യായനി,  മല്ലക്കര കൃഷ്ണൻ, സുബൈദ, മാധവൻ,  വി എം  ഉമ്പിച്ചി, കാർത്യായനി എന്നിവരുടെ കൃഷി പൂർണമായി  നശിച്ചു. കൃഷിനാശം സംഭവിച്ച പ്രദേശങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ, ഏരിയാ സെക്രട്ടറി കെ രാജ്‍മോഹനൻ, ജില്ലാ കമ്മിറ്റിയം​ഗം പി കെ നിഷാന്ത്, നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത എന്നിവർ സന്ദർശിച്ചു. മടിക്കൈ മഴയിൽ  എരിക്കുളം വയലിലെ 36 ഏക്കറിലെ  75ഓളം കർഷകരൊരുക്കിയ പച്ചക്കറി കൃഷി വെള്ളത്തിലായി. മൂന്നാഴ്ച മുമ്പ് വിത്തിട്ട് മുളച്ചുവന്ന ചെടികൾക്ക് വളം ചെയ്ത് മണ്ണിട്ട സമയത്താണ് മഴയെത്തിയത്‌. വെള്ളരി, ചീര, നരമ്പൻ, വെണ്ട, തണ്ണിമത്തൻ, മത്തൻ, പാവക്ക, കോവക്ക തുടങ്ങിയ എല്ലാ പച്ചക്കറികളും നട്ടിരുന്നു. ടൺ കണക്കിന് പച്ചക്കറി  ഉത്പാദിപ്പിച്ച് വർഷത്തിൽ 60 ലക്ഷത്തോളം രൂപയുടെ വിറ്റുവരവ് ലഭിക്കാറുള്ളതായി കർഷകർ പറയുന്നു. വെള്ളം ഇറങ്ങിയാലും ഇനി തൈ വളരില്ല. ഇ ചന്ദ്രശേഖരൻ എംഎൽഎ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, വൈസ് പ്രസിഡന്റ് വി പ്രകാശൻ, സ്ഥിരംസമിതി ചെയർമാൻ പി സത്യ, പഞ്ചായത്തംഗങ്ങളായ പി പി ലീല, എം രജിത, അസി. കൃഷി ഓഫീസർ പി വി പവിത്രൻ, കൃഷി അസിസ്റ്റന്റ് സജിത മണിയറ എന്നിവർ സ്ഥലം സന്ദർശിച്ചു. നീലേശ്വരം തൈക്കടപ്പുറം മുപ്പതിൽ കണ്ടം പാടശേഖരത്തിലെ പച്ചക്കറി തോട്ടം കനത്ത മഴയിൽ വെള്ളത്തിനടിയിലായി.  വെള്ളരി, കക്കിരി, പയർ, ചീര,  വിവിധയിനം നാടൻ പച്ചക്കറികൾ എന്നിവയാണ്‌ നശിച്ചത്‌.  ഉത്തരേന്ത്യയിൽ നിന്നും വരുന്ന ഉള്ളി, ഉരുളക്കിഴങ്ങ്, തുടങ്ങിയവയും ചെണ്ടുമല്ലി, സൂര്യകാന്തി ചോളം തുടങ്ങിയവയും പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കുകയും സമൃദ്ധമായി വിളവ് കിട്ടുകയും ചെയ്ത പാടശേഖരമാണ് രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ  നശിച്ചത്.  മടിക്കൈ കുളങ്ങാട് പടശേഖരവും  വെള്ളത്തിനടിയിലായി. 17 ഏക്കറോളം  പച്ചക്കറി കൃഷിയാണ് നശിച്ചത്. 45 ഓളം കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. നീലേശ്വരം പാലായി പാടശേഖരവും വെള്ളത്തിനടിയിലായി. 50 ഏക്കറോളം നെൽകൃഷി വെള്ളത്തിനടിയിലായി.     Read on deshabhimani.com

Related News