മുഞ്ഞയുണ്ട് സൂക്ഷിക്കുക
മങ്കൊമ്പ് നെടുമുടി, എടത്വ, കൈനകരി കൃഷിഭവൻ പരിധിയിൽ വിതച്ച് 55 മുതൽ 65 ദിവസം വരെയായ പാടശേഖരങ്ങളിൽ മുഞ്ഞ സാന്നിധ്യം. നിലവിലെ കാലാവസ്ഥ മുഞ്ഞ വ്യാപനത്തിന് അനുകൂലമാണ്. പൂർണവളർച്ചയെത്തിയ മുഞ്ഞയും കുഞ്ഞുങ്ങളും നീരൂറ്റിക്കുടിക്കുന്നതുമൂലം ചെടികൾ മഞ്ഞളിച്ച് ക്രമേണ കരിഞ്ഞുപോകുന്നു. അശാസ്‌ത്രീയ കീടനാശിനി പ്രയോഗം ഒഴിവാക്കണം. പാടശേഖരങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ ആക്രമണം രൂക്ഷമായേക്കാം. കീടനാശിനി വ്യാപകമായി പ്രയോഗിച്ച പാടങ്ങളിൽ മിത്രപ്രാണികളുടെ എണ്ണം ഗണ്യമായി കുറയുന്നത് മുഞ്ഞയുടെ വംശവർധനയ്‌ക്ക് കാരണമാകും. മിക്കയിടങ്ങളിലും മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മെറിഡ് ചാഴികൾ കാണപ്പെടുന്നുമുണ്ട്. സാങ്കേതിക നിർദേശപ്രകാരമല്ലാതെ രാസകീടനാശിനികൾ പ്രയോഗിക്കരുത്. നിലവിൽ ഇവ പ്രയോഗിക്കേണ്ട സാഹചര്യമില്ല. മൂടിക്കെട്ടിയ കാലാവസ്ഥയിലും ഇടവിട്ട മഴ സമയങ്ങളിലും മുഞ്ഞ കൂടുതലായി പകരാം. കൃഷിയിടത്തിൽ പ്രയോഗിക്കുന്ന ഏതൊരു കീടനാശിനിയും മുഞ്ഞയുടെ വംശവർധനയ്‌ക്കിടയാക്കും എന്നതിനാൽ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം. മുഞ്ഞയുടെ ലക്ഷണം കണ്ടാൽ മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തിലോ നെല്ല് ഗവേഷണ കേന്ദ്രത്തിലോ സാങ്കേതിക സഹായം തേടാം. Read on deshabhimani.com