ഉയരട്ടെ ക്യാമ്പസിലും 
വ്യവസായങ്ങൾ



കോട്ടയം വിദ്യാർഥികളിൽ വ്യവസായ സംരംഭകത്വം വളർത്താൻ സഹായിക്കുന്ന ക്യാമ്പസ്‌ വ്യവസായ പാർക്കുകൾ ജില്ലയിലുമുയരും. വ്യാവസായിക ആവശ്യത്തിനുള്ള ഭൂമിയുടെ ലഭ്യത കുറവ് മറികടക്കാനും വിദ്യാർഥികളിൽ സംരംഭകത്വ താൽപര്യം വളർത്താനുമായി കേരള സർക്കാർ രൂപം നൽകിയതാണ്‌ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി. ജില്ലയിൽ ഇതിനോടകം അഞ്ച്‌ ക്യാമ്പസുകൾ പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമറിയിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം അധികൃതർ അറിയിച്ചു. എം ജി സർവകലാശാല ബിസിനസ്‌ ഇന്നവേഷൻ ആൻഡ്‌ ഇൻക്യുബേഷൻ സെന്റർ, ഏറ്റുമാനൂർ മംഗളം പോളിടെക്‌നിക്‌ കോളേജ്‌, പള്ളം ബിഷപ്പ്‌ സ്‌പീച്ച്‌ലി കോളേജ്‌ ഫോർ അഡ്വാൻസ്‌ഡ്‌ സ്‌റ്റഡി, കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌, മുണ്ടക്കയം ശ്രീ ശബരീശ കോളേജ്‌ എന്നിവയാണത്‌.  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമി ഉപയോഗപ്പെടുത്തി ക്യാമ്പസ്‌ വ്യവസായ പാർക്കുകൾ ആരംഭിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണപ്രവർത്തനങ്ങളിലൂടെ കണ്ടെത്തുന്ന ഉൽപന്നങ്ങളുടെ വ്യാവസായിക ഉൽപാദനം വേഗത്തിൽ ആരംഭിക്കാനും പദ്ധതി വഴിയൊരുക്കും. കുറഞ്ഞത്‌ അഞ്ച് ഏക്കർ ഭൂമിയുള്ള സർക്കാർ/ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പാർക്കിനായി അപേക്ഷിക്കാം. സർവകലാശാലകൾ, ആർട്സ് ആൻഡ്‌ സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ എല്ലാം പദ്ധതിയിൽ വരും. ക്യാമ്പസുകളിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി നിർമിക്കാൻ കുറഞ്ഞത്‌ രണ്ട് ഏക്കർ ഭൂമി വേണം.  മറ്റ്‌ കമ്പനികൾക്ക്‌ നൽകുകയോ കോളേജുകൾക്ക്‌ സ്വന്തമായോ വ്യവസായം ആരംഭിക്കാം. വിദ്യാഭ്യാസ വകുപ്പിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സഹിതം വ്യവസായ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാം. വ്യവസായ വകുപ്പ്‌ അധികൃതർ പരിശോധന നടത്തിയശേഷമായിരിക്കും അനുമതി നൽകുക. ക്യാമ്പസ്‌ വ്യവസായ പാർക്കിലെ പൊതുസൗകര്യങ്ങൾ ഒരുക്കുന്ന മുറയ്‌ക്ക്‌ 1.5 കോടി രൂപവരെ സർക്കാർ ധനസഹായം നൽകും. Read on deshabhimani.com

Related News