അതിയന്നൂര്‍ കുടിവെള്ള 
പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

അതിയന്നൂര്‍ ശുദ്ധജല വിതരണ പദ്ധതി പ്ലാന്റ്


നെയ്യാറ്റിൻകര  അതിയന്നൂർ- കോട്ടുകാൽ പഞ്ചായത്തുകൾക്കായുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചു. പ്രവർത്തനോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.  ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ അനുമതി ലഭിച്ച കുടിവെള്ള പദ്ധതിക്ക് കിഫ്ബിയുടെ സഹായത്തോടെ 26 കോടി രൂപ ഫണ്ടും അനുവദിച്ചിരുന്നു. പരേതനായ ഡെന്നിസൺ നാടാർ അതിയന്നൂർ പഞ്ചായത്തിന് സൗജന്യമായി നൽകിയ 65 സെന്റ്‌ സ്ഥലത്താണ് നിർദിഷ്ട പദ്ധതി നടപ്പായത്.  നെയ്യാറിൽനിന്ന്‌ വെള്ളം കൊണ്ടുവരുന്നതിന് നഗരസഭ പ്രദേശത്ത് പിരായുംമൂട്ടിൽ കിണറും പമ്പ് ഹൗസും സ്ഥാപിച്ചു. 150 എച്ച്പി പമ്പ് ഉപയോഗിച്ച് ജലം പോങ്ങിലിൽ എത്തിച്ചതിനുശേഷം പദ്ധതി പ്രകാരം നിർമിച്ചിട്ടുള്ള അത്യാധുനികമായ 15 എംഎൽഡി ശേഷിയുള്ള ജലശുദ്ധീകരണശാലയും 10 ലക്ഷം ലിറ്ററിന്റെ ഉപരിതല ജലസംഭരണിയും നെല്ലിമൂട് തൊങ്ങൽ ഗവ. എൽപി സ്കൂളിൽ നിർമാണത്തിലുള്ള 10 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും ഉപയോഗിച്ചാണ് ജലവിതരണം സാധ്യമാക്കുന്നത്.  ഈ പദ്ധതി പൂർണതോതിലാകുമ്പോൾ അതിയന്നൂർ പഞ്ചായത്തിന്റെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് കെ ആൻസലൻ എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News