അമീബയെ തുരത്താൻ വേണ്ടത്‌ കൃത്യമായ ക്ലോറിനേഷൻ



തിരുവനന്തപുരം കുളം പോലെ കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ കൃത്യമായി ചെയ്യുന്നതിലൂടെ അമീബിക് മസ്തിഷ്‌ക ജ്വരമടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാം. വാട്ടർ തീം പാർക്കുകളിലെയും നീന്തൽ കുളങ്ങളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധിയാക്കണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. വെള്ളത്തിന്റെ അളവിനനുസരിച്ച് അഞ്ച്‌ ഗ്രാം ക്ലോറിൻ/1000 ലിറ്റർ വെള്ളത്തിന് ആനുപാതികമായി ക്ലോറിനേറ്റ് ചെയ്യണം. ക്ലോറിൻ ലെവൽ 0.5 പിപിഎം മുതൽ മൂന്ന്‌ പിപിഎം ആയി നിലനിർത്തണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത്‌  ഒഴിവാക്കുക,  ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക, മലിനവെള്ളത്തിൽ മുങ്ങി കുളിക്കുന്നതും  മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണമായും ഒഴിവാക്കണം. നീന്തൽ കുളങ്ങളിലെ വെള്ളം ആഴ്ചയിൽ ഒരിക്കൽ പൂർണമായും ഒഴുക്കി കളയണ്ടത്‌ അത്യാവശ്യമാണ്‌. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകിയും ഫിൽറ്ററുകൾ വൃത്തിയാക്കിയും പുതുതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തും സുരക്ഷ ഉറപ്പാക്കാം.  കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസ്സുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് എൻസെഫലൈറ്റിസ്). നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീ ബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്നുമുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സ പാടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് ദിശ: 1056, 0471- 2552056, 104. Read on deshabhimani.com

Related News