വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ശബരി സിഗ്നേച്ചർ കിറ്റ്‌ 189 രൂപയ്‌ക്ക്‌



 കണ്ണൂർ ആകർഷകമായ കാരിബാഗിൽ 55 രൂപയുടെ ആറ് വിവിധ ശബരി ഉൽപ്പന്നങ്ങൾ... വില 189 രൂപ. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ സപ്ലൈകോ ഒരുക്കിയ ജില്ലാ ഓണം ഫെയറിലാണ് ‘ശബരി സിഗ്നേച്ചർ കിറ്റ്’ ശ്രദ്ധേയമാകുന്നത്‌. ശബരി ഉൽപ്പന്നങ്ങൾക്ക്  കോംബോ ഓഫറുകളുമുണ്ട്. പതിമൂന്നിന സബ്സിഡി സാധനങ്ങൾക്കുപുറമെ, പ്രമുഖ ബ്രാൻഡുകളുടെ  ഇരുന്നൂറിലധികം ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ ലഭിക്കും. നെയ്യ്, തേൻ, കറി മസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജന്റുകൾ, ഫ്ളോർ ക്ലീനറുകൾ, ടോയ്‌ ലറ്ററീസ് തുടങ്ങിവയ്‌ക്ക്‌ 45 ശതമാനം വരെ ഇളവുണ്ട്‌.  എഎവൈ കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും എൻപിഐ കാർഡുടമകൾക്കും സപ്ലൈകോ മുഖേന സൗജന്യ ഓണക്കിറ്റ് ലഭിക്കും.    ജില്ലാ ഓണം ഫെയർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. മേയർ മുസ്ലിഹ്  മഠത്തിൽ  അധ്യക്ഷനായി. കോർപറേഷൻ സ്ഥിരംസമിതി ചെയർമാൻ സുരേഷ്ബാബു എളയാവൂർ ആദ്യവിൽപ്പന നിർവഹിച്ചു.   വെള്ളോറ രാജൻ, അഡ്വ. റഷീദ് കവ്വായി, എം ഉണ്ണികൃഷ്ണൻ, ജോയ് കൊന്നക്കൽ, സി ധീരജ്, അസ്ലം പിലാക്കിൽ, വി കെ ഗിരിജൻ, പി സി അശോകൻ, രതീഷ് ചിറക്കൽ, ടി സി മനോജ്, ഇ കെ പ്രകാശൻ, കെ എം ഷാജു  എന്നിവർ സംസാരിച്ചു.   14 വരെ നീളുന്ന മേളയുടെ പ്രവർത്തനസമയം  രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ്‌.    ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും പകൽ രണ്ടുമുതൽ നാലുവരെ ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്സ് നടപ്പാക്കും.  സബ്സിഡി ഇതര സാധനങ്ങൾക്ക്  നിലവിലെ വിലക്കുറവിന് പുറമെ 10 ശതമാനം വരെ വിലക്കുറവ്‌ ലഭിക്കും.   Read on deshabhimani.com

Related News