ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ക്രമക്കേട് അവഗണിച്ച് കോൺഗ്രസ്; നടപടി പരാതിക്കാർക്കെതിരെ
തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഗുരുതര ക്രമക്കേട് പരാതിപ്പെട്ട ഡയറക്ടർമാർക്കെതിരെ നടപടി. ധർമടം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി കെ ദിലീപ്‌കുമാർ, കോടിയേരി ബ്ലോക്ക് സെക്രട്ടറിമാരായ മീര സുരേന്ദ്രൻ, ടി പി വസന്തകുമാരി എന്നിവരെ ഭാരവാഹിത്വത്തിൽനിന്ന് നീക്കി. ആശുപത്രി ഡയറക്ടർ സ്ഥാനം രാജിവയ്‌ക്കാനും ആവശ്യപ്പെട്ടു. ഡയറക്ടറും ഡിസിസി സെക്രട്ടറിയുമായ സി ടി സജിത്തിനെതിരെ നടപടിയെടുക്കാൻ കെപിസിസിയോടും യോഗം ശുപാർശചെയ്‌തു. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിന്റെ സാന്നിധ്യത്തിൽചേർന്ന ഡിസിസി ഉന്നതാധികാര സമിതിയോഗമാണ് നടപടി തീരുമാനിച്ചത്. ആശുപത്രിക്കെതിരെ നിരന്തരം പരാതിനൽകിയെന്നും വിശദീകരണമാവശ്യപ്പെട്ടുള്ള ഡിസിസി നോട്ടീസിന് തൃപ്‌തികര മറുപടിയുണ്ടായില്ലെന്നുമാണ് വാദം. ഡയറക്ടർ സ്ഥാനം രാജിവച്ചില്ലെങ്കിൽ പുറത്താക്കുന്നതടക്കമുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമുണ്ട്. ആശുപത്രി പ്രസിഡന്റായിരുന്ന കെ പി സാജുവും ജനറൽ മാനേജറും സഹകരണ ചട്ടം ലംഘിച്ചാണ് ഭരിക്കുന്നതെന്നാരോപിച്ചാണ് നാല് ഭരണസമിതി അംഗങ്ങൾ സഹകരണ ജോയിന്റ് രജിസ്‌ട്രാർക്ക് പരാതി നൽകിയത്. സംഘം ബൈലോ ലംഘിച്ചും സഹകരണ രജിസ്‌ട്രാറുടെ നിർദേശം പാലിക്കാതെയും ഭരണസമിതി യോഗം ചേരുന്നുവെന്നതടക്കമുള്ള ആരോപണമായിരുന്നു കത്തിൽ. ഡിസിസി പ്രസിഡന്റിനുള്ള കത്തിലെ ആരോപണം ഇതിലും ഗുരുതരമായിരുന്നു. എന്നാൽ ഇതിലൊന്നും നടപടിയെടുക്കാതെയാണ് പരാതിക്കാരെ വെട്ടിനിരത്തിയത്. ആശുപത്രിക്ക് സമാനമായ മറ്റൊരു സ്ഥാപനം പാനൂരിൽ നടത്തുന്നുവെന്ന കടവത്തൂരിലെ ഇ കെ പവിത്രന്റെ പരാതിയിൽ കെ പി സാജുവിനെ സഹകരണ ജോയിന്റ് രജിസ്‌ട്രാർ നേരത്തെ അയോഗ്യനാക്കിയിരുന്നു. ആഗസ്‌ത് 19ന് പരാതിക്കാരനെയും സാജുവിനെയും കേട്ടശേഷം മൂന്നാഴ്ചക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതിയും നിർദേശിച്ചു. ഹിയറിങ്ങിന് ഹാജരാകുന്നതിന് തൊട്ടുമുമ്പ് സ്ഥാനം രാജിവച്ച് പ്രസിഡന്റല്ലെന്ന് സത്യവാങ്മൂലം നൽകി ഇയാൾ രക്ഷപ്പെട്ടു. വീണ്ടും ഡയറക്ടർ പോസ്‌റ്റിലേക്ക് കെ പി സാജുവിനെ നാമനിർദേശം ചെയ്‌തതിനെതിരായ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. Read on deshabhimani.com