തലസ്ഥാനത്തുമുണ്ട്‌ ഒരു

കാഞ്ഞിരംകുളം ബി എസ് ശാരദ പൂക്കടയിൽ പൂക്കൾ എടുത്തു വയ്ക്കുന്ന തൊഴിലാളി


തിരുവനന്തപുരം  പൂക്കളമൊരുക്കാൻ പൂ തേടി സംസ്ഥാനം വിടേണ്ട കാര്യമില്ല, ഇങ്ങ്‌ തലസ്ഥാന ജില്ലയിൽ നഗരത്തിൽനിന്ന്‌ 30 കിലോമീറ്റർ മാത്രമകലെ ഒരു നാടൻ "തോവാള'യുണ്ട്, കാഞ്ഞിരംകുളം. തമിഴ്‌നാട്ടിലെ തോവാളയിലെ പൂച്ചന്തയിൽ കിട്ടുന്ന പൂക്കൾ അതേ വിലയിൽ ഇവിടെ കിട്ടും. തോവാളയിലെ പൂപാടങ്ങളിൽനിന്നും ബംഗളൂരുവിൽനിന്നുമാണ്‌ കാഞ്ഞിരംകുളത്തെ മാർക്കറ്റുകളിൽ പൂവെത്തുന്നത്‌. തോവാളയിലെ പൂപ്പാടങ്ങൾ മൊത്തമായി വാങ്ങി പൂവെത്തിക്കുന്നവരുണ്ട്‌. വിവാഹാഘോഷങ്ങൾ, ഉത്സവങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവിടങ്ങളിലേക്ക്‌ ആവശ്യമുള്ള പൂക്കളും മാലകളും ഇവിടെ വിൽപ്പനയ്ക്കുണ്ട്‌. പിച്ചിയും മുല്ലയും മാലകെട്ടാനായി നാൽപ്പതോളം കുടുംബങ്ങളിൽനിന്ന്‌ പ്രത്യേകം ആളുകളുമുണ്ട്‌. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കൊല്ലം, തൃശൂർ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽനിന്നും പൂ വാങ്ങാൻ ആളെത്താറുണ്ട്‌. ഒരു നാടൊന്നാകെ പൂമണം പരത്തി നിൽക്കുന്ന കാഴ്ച. "50 രൂപയുടെ പൂവിന്‌ വണ്ടിക്കൂലിയും മറ്റു ചെലവുകളുമൊക്കെ ചേർത്ത്‌ കിലോയ്ക്ക്‌ 20രൂപ മാത്രമാണ്‌ അധികമായി വാങ്ങുന്നത്‌, 70 രൂപ. ഇരട്ടി വിലയാണ്‌ മറ്റ്‌ കടകളിൽ. പ്രതിദിനം 200 മുതൽ 500 കിലോ പൂക്കൾ വിൽക്കാറുണ്ട്‌. ഓണം അടുപ്പിച്ച്‌ ഇത്‌ 6000 കിലോ വരെയാകും. അന്നന്നത്തെ പൂക്കൾ മാത്രമേ വിൽപ്പനയ്ക്കുള്ളൂ. കച്ചവടം നടന്നില്ലെങ്കിൽ ആ പൂക്കൾ കളയുകയാണ്‌ ചെയ്യുന്നത്‌'–-ബി എസ്‌ ശാരദ മാർക്കറ്റ്‌ ഉടമ വിനോദ്‌ പറയുന്നു. പൂക്കളുടെ അടുത്ത്‌ ചെല്ലുന്നതിനോ ഫോട്ടോ എടുക്കുന്നതിനോ യാതൊരു വിരോധവുമില്ല, പക്ഷേ ചെരുപ്പ്‌ അഴിക്കണം. പൊതുസ്ഥാപനങ്ങൾ, കോളേജ്‌–-സ്കൂൾ ഓണം പരിപാടികൾക്കെല്ലാം പൂവാങ്ങാൻ ഇവിടെ ആളുകൾ എത്താറുണ്ട്‌. മൊത്തമായും ചില്ലറയായും ലഭിക്കുമെന്നതും ഗുണമാണ്‌. മൺതറയിൽ ചാണകമെഴുതി തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയുമുപയോഗിച്ച്‌ പൂക്കളമൊരുക്കിയിരുന്ന കാലം പോയെങ്കിലും പൂക്കളവും പൂവും മലയാളിക്കെന്നും പ്രിയപ്പെട്ടതാണ്‌. അതുതന്നെയാണ്‌ കാഞ്ഞിരംകുളം പോലെയുള്ള ചന്തകളുടെ വിജയരഹസ്യവും. Read on deshabhimani.com

Related News