കാലുകുത്താൻ ഇടമില്ലാതെ മെമു
കോട്ടയം കൊട്ടിഘോഷിച്ച മെമു വന്നിട്ടും കോട്ടയം–-എറണാകുളം റൂട്ടിൽ ഒടുങ്ങാത്ത യാത്രാദുരിതം. പാലരുവിയിലെയും വേണാടിലെയും ദുരിതയാത്രക്ക് അയവു വരുത്താനുള്ള ഒട്ടേറെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് മെമു സ്‌പെഷ്യൽ അനുവദിച്ചത്. മറ്റു രണ്ട് ട്രെയിനുകളിലെ തിരക്ക് കുറഞ്ഞെങ്കിലും മെമുവിൽ കാലുകുത്താൻ ഇടമുണ്ടാവാറില്ല. രാവിലെ 10ന് മുമ്പ് എറണാകുളത്ത് എത്തുന്ന മെമുവിനെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ഈ ട്രെയിന് ജില്ലയിലെ ഹാൾട്ട് സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടുമില്ല. മറ്റു ജില്ലകളിലെ ഹാൾട്ട് സ്‌റ്റേഷനുകൾക്ക് സ്‌റ്റോപ്പ് അനുവദിച്ചപ്പോഴും കോട്ടയത്തെ തഴഞ്ഞു. ജില്ലയോടുള്ള റെയിൽവേയുടെ നിരന്തര അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. കോട്ടയം സ്‌റ്റേഷനിൽ മാത്രം കഴിഞ്ഞ വർഷത്തെക്കാൾ 21.11 കോടിയുടെ വരുമാന വർധനയാണുണ്ടായത്. പുലർച്ചെ 4.20ന് കൊല്ലത്ത് നിന്നും പുറപ്പെടുന്ന മെമുവിന്റെ കോച്ചുകൾ വെട്ടി കുറയ്‌ക്കുന്നതായും പരാതിയുണ്ട്. 12 കോച്ചുകളുള്ള മെമുവിൽ രണ്ടാഴ്‌ചക്കിടെ നാലു തവണയാണ് കോച്ചുകൾ വെട്ടിക്കുറച്ചത്. എട്ട് കോച്ചാക്കുന്ന ദിവസങ്ങളിൽ ചെങ്ങന്നൂരാകുമ്പോഴേ ട്രെയിൻ നിറയും. ഓഫീസ് സമയത്തിനുശേഷം എറണാകുളം ജങ്‌ഷനിൽനിന്ന് കോട്ടയത്തേക്കുള്ള ഏക ട്രെയിനാണിത്. എല്ലാ സ്‌റ്റേഷനിലും സ്‌റ്റോപ്പുള്ളതിനാലും സൗത്തിൽ നിന്നും പുറപ്പെടുന്നതിനാലും രാവിലെ നാല് ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരത്രയും ഇതിൽ സഞ്ചരിക്കാൻ നിർബന്ധിതരാവുന്നു. കൂടുതൽ കോച്ചുകളും ട്രെയിനുകളും അനുവദിച്ച് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ യാത്രക്കാർ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. Read on deshabhimani.com