അരുവിക്കര ഗവ. എച്ച്എസ്എസിനും പൂവച്ചൽ യുപിഎസിനും ബഹുനില മന്ദിരമുയരുന്നു
തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിലെ രണ്ട് സ്‌കൂളിനുകൂടി ആധുനിക ബഹുനിലമന്ദിരം ഉയരുന്നു. അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനും പൂവച്ചൽ ഗവ. യുപി സ്‌കൂളിനും കിഫ്ബി,- കില ഫണ്ടുകളുടെ സഹായത്തോടെയാണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്. ഇരുമന്ദിരങ്ങളുടെയും കല്ലിടൽ ജി സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. അരുവിക്കര ഗവ. എച്ച്‌എസ്‌എസിന് കിഫ്ബി, -കില ഫണ്ടിൽനിന്ന് 3.90 കോടി രൂപയാണ് പുതിയ കെട്ടിടം നിർമിക്കുന്നതിനായി വിനിയോഗിക്കുന്നത്. 10,000 സ്‌ക്വയർ ഫീറ്റിൽ നിർമിക്കുന്ന ഇരുനിലമന്ദിരത്തിന് താഴത്തെ നിലയിൽ ആറ് ക്ലാസ് മുറികളും മുകളിലത്തെ നിലയിൽ നാല് ക്ലാസ് മുറികളുമുണ്ട്. ഇരുനിലകളിലും ശുചിമുറികളുണ്ട്. ലിഫ്റ്റ്, അഗ്നിസുരക്ഷാ സംവിധാനങ്ങൾ എന്നിവയുമുണ്ട്. പൂവച്ചൽ ഗവ. യുപിഎസിൽ കിഫ്ബി, -കില ഫണ്ടിൽനിന്ന് 1.30 കോടി രൂപ ചെലവഴിച്ച് 5260 സ്‌ക്വയർ ഫീറ്റിൽ മൂന്ന് നില മന്ദിരമാണ് നിർമിക്കുന്നത്. ഓരോ നിലയിലും രണ്ട് ക്ലാസ് മുറികളും ഭിന്നശേഷി സൗഹൃദമായ ശുചിമുറികളും ഉണ്ടായിരിക്കും. കോണിപ്പടി, റാമ്പ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പതു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. രണ്ടിടങ്ങളിലുമായി നടന്ന ചടങ്ങുകളിൽ അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ കല, പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി സനൽകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശശി, വി രാധിക, പ്രധാനാധ്യാപികമാരായ റാണി ആർ ചന്ദ്രൻ, എസ് ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com