അന്തമണിലേത്‌ കൊലപാതകം; പ്രതി പിടിയിൽ

ഷിജു


കൊട്ടാരക്കര കലയപുരം അന്തമണിൽ വീടിനുള്ളിൽ രക്തംവാർന്നു മരിച്ചനിലയിൽ കണ്ടെത്തിയ ആളുടേത്‌ കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി പുത്തൂർമുക്ക് ഷിബു ഭവനിൽ ഷിജു (41, ഷിബു തങ്കച്ചൻ)വിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ്ചെയ്തു. മൂന്നുദിവസം മുമ്പാണ് അന്തമൺ അമൃതാലയത്തിൽ അനിൽകുമാറി(41)നെ വീട്ടിലെ അടുക്കളയിൽ രക്തംവാർന്നു മരിച്ചനിലയിൽ കാണപ്പെട്ടത്. ഭാര്യ വിദേശത്തായതിനാൽ അനിൽകുമാർ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം.  അനിൽകുമാറിനൊപ്പം സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നവരെയും മറ്റുചില സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തപ്പോൾ ഷിബു കുറ്റംസമ്മതിക്കുകയായിരുന്നു. വസ്തുവിൽപ്പനയ്ക്കായി ലഭിച്ച അഡ്വാൻസ് തുക ഷിബു മോഷ്ടിച്ചത് മനസ്സിലാക്കി യ അനിൽകുമാർ പണം തിരികെ ചോദിച്ചിരുന്നു. പ ണം കിട്ടാതായതോടെ ഷിബു മോഷ്ടിച്ച വിവരം അനിൽകുമാർ പലരോടും പറഞ്ഞു. ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അയൽവാസിയുടെ വീട്ടിലിരുന്ന് മദ്യപിച്ചശേഷം തിരികെ വീട്ടിലേക്ക് പോകുകയായിരുന്ന അനിൽകുമാറിനെ ഷിബു പിറകിലൂടെവന്ന്‌ പട്ടികകഷണംകൊണ്ട്‌ ആക്രമിക്കുകയായിരുന്നു. നെറ്റിക്കും മുതുകിലും പരിക്കേറ്റ അനിൽകുമാർ മദ്യലഹരിയിൽ മുറിവിന്റെ ആഘാതം മനസ്സിലാക്കാതെ വീടിനുള്ളിൽ കയറി കതകടച്ചു. തുടർന്ന്‌ രക്തംവാർന്ന് ബോധരഹിതനായി വീടിനുള്ളിൽ കിടന്ന് മരിക്കുകയായിരുന്നു.  ഒന്നാംതീയതി മുതൽ അനിൽകുമാറിനെ കാണാതായതോടെ ബന്ധുക്കളും പരിസരവാസികളും അന്വേഷണംതുടങ്ങി. അകത്തുനിന്ന്‌ അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ്‌ രക്തംവാർന്ന് മരിച്ചനിലയിൽ അനിൽകുമാറിനെ കാണുന്നത്‌. തുടർന്ന് കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹത്തിലെ പരിക്കുകളിൽ സംശയം തോന്നിയ ഡോക്ടർ സംഭവസ്ഥലത്തെത്തി പരിശോധിച്ച്‌ വീണ്ടും വിദ​ഗ്ധപരിശോധന നടത്തിയപ്പോഴാണ്‌ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.  ഐഎസ്എച്ച്ഒ ജോസഫ് ലിയോൺ, എസ്ഐമാരായ ദീപു, വിദ്യാധിരാജ, ജയേഷ്, അനീഷ്, ആഷിർ കോഹൂർ, സിപിഒമാരായ ഷിബു കൃഷ്ണൻ, സലിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.   Read on deshabhimani.com

Related News