ചരിത്രസാക്ഷിയായ മുത്തശ്ശിപ്പാല നാശത്തിലേക്ക്
മടിക്കൈ നൂറ്റാണ്ടുകളായി നാടിന് തണലേകുന്ന അമ്പലത്തുകരയിലെ മുത്തശ്ശിപ്പാല നാശത്തിന്റെ വക്കിൽ. തലമുറകള്‍ക്ക് തണലൊരുക്കിയ മരം നശിക്കുന്നത് സങ്കടത്തോടെ നോക്കിനില്‍ക്കുകയാണ് നാട്ടുകാര്‍. അമ്പലത്തുകരയ്‌ക്ക് പ്രൗഢിയുടെ ചിഹ്നമായിരുന്നു ഈ പാലമരം. ഇതുവഴി കടന്നു പോകുന്ന യാത്രക്കാര്‍ അടയാളപ്പെടുത്തുന്നതും ഈ പാലയെയാകും. ഇതിന്റെ പ്രായം പറയാന്‍ സാധിക്കുന്നവർ ഇന്ന് നാട്ടിലില്ല. 200 വർഷമെന്നും 300 വർഷമെന്നും പലരും പറയുന്നു. പാലമരച്ചുവടിന് മടിക്കൈയുടെ കർഷക കമ്യൂണിസ്റ്റ് ചരിത്രത്തിലും പ്രധാന സ്ഥാനമുണ്ട്. പലമരച്ചുവട്ടില്‍ നിന്നായിരുന്നു പണ്ട് രാഷ്ട്രീയ യോഗങ്ങളും പ്രഖ്യാപനങ്ങളും നടന്നിരുന്നത്. പല കൂട്ടായ്മകള്‍ക്കും പലര്‍ക്കും അടയാളമായിരുന്നു ഈ മുത്തശ്ശി മരം. മരത്തിന്റെ പല കൊമ്പുകളും ഉണങ്ങി. തടിയിൽ കൂണുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മരം അപകട ഭീഷണി ഉയര്‍ത്തുന്നത് ആശങ്കയും ഉളവാക്കുന്നു. വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് ദിനംപ്രതി ഇതു വഴി സഞ്ചരിക്കുന്നത്. ഓട്ടോ സ്റ്റാൻഡും ഇതിന്റെ ചുവട്ടിലാണ് . മരച്ചില്ല പൊട്ടിവീഴുന്നതും പതിവാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ അധികൃതർ എത്തി മരം പരിശോധിച്ചു. വനം വകുപ്പധികൃതരെ വിവരമറിയിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു. Read on deshabhimani.com