സുന്ദര നഗരമാകാൻ ചെറുവത്തൂർ

ചെറുവത്തൂർ ടൗൺ


ചെറുവത്തൂർ സംസ്ഥാന യുവജനകാര്യ വകുപ്പിന്റെയും എം രാജഗോപാലൻ എംഎൽഎയുടെയും സഹായത്തോടെ ചെറുവത്തൂരിൽ മൾട്ടി ജിം ആരംഭിക്കാനുള്ള തയ്യാറാറെടുപ്പിന്‌ പിന്നാലെ ചെറുവത്തൂർ ടൗൺ സൗന്ദര്യ വൽക്കരണത്തിനും പദ്ധതി ഒരുങ്ങി.   എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്നും 30 ലക്ഷം രൂപ ചിലവഴിച്ചാണ്‌  ടൗൺ സൗന്ദര്യവൽക്കരിക്കുന്നത്‌. ഇതിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കി. മഴ മാറുന്നതോടെ പ്രവൃത്തി ആരംഭിക്കും.  മുന്നോടിയായി ജലജീവൻ മിഷന്റെ കുടിവെള്ള വിതണര പൈപ്പ്‌ സ്ഥാപിക്കൽ, വൈദ്യുതി പോസ്‌റ്റുകൾ മാറ്റി സ്ഥാപിക്കൽ എന്നിവ പൂർത്തീകരിക്കാനുണ്ട്‌. മഴയായതിനാൽ  പൈപ്പ്‌ ലൈൻ സ്ഥാപിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്‌.  മഴ മാറിയാലുടൻ പൈപ്പ്‌ ലൈൻ സ്ഥാപിക്കുന്നതോടെ മറ്റ്‌ പ്രവൃത്തി ആരംഭിക്കും. ദേശീയപാത ചെറുവത്തൂർ ജങ്ഷൻ മുതൽ പഞ്ചായത്തിന്‌ മുന്നിലൂടെ ഡ്രെയിനേജ്‌ സ്ഥാപിക്കും. ഇതിന്‌ മുകളിൽ സ്ലാബുകൾ പാകി ഹാൻഡ്‌ റെയിലുകൾ പിടിപ്പിച്ച്‌ നടപ്പാതയാക്കി മാറ്റും. ചെറുവത്തൂർ ഹൈവേ ഓട്ടോ സ്‌റ്റാൻഡ്‌ മുതൽ റോഡിന്‌ വടക്ക്‌ ഭാഗം ഉയർത്തി ഇന്റർലോക്ക്‌ പാകും. ഇതിലൂടെ വാഹന പാർക്കിങ് സൗകര്യം,  നടന്നുപോകാനുള്ള  വഴി എന്നിവ ഒരുങ്ങും.  മയിച്ച വടക്കേച്ചിറ റോഡും സൂപ്പറാകും മയിച്ച എ കെ ജി ക്ലബ് റോഡിലെ റെയിൽവേ അടിപ്പാതക്ക്‌ സമീപത്ത്‌ നിന്നും ആരംഭിക്കുന്ന മയിച്ച വടക്കേച്ചിറ റോഡ്‌ ഗതാഗതയോഗ്യമാക്കാനുള്ള നടപടിയും ആരംഭിച്ചു.  എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി  റോഡിന്‌ 63.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.  മത്സ്യബന്ധന തുറമുഖ വകുപ്പിന്റെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ തുക അനുവദിച്ച്‌ അനുമതി ലഭിച്ചത്‌.  മയിച്ച വടക്കേച്ചിറ നിവാസികളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ്  വിരാമമാകുന്നത്‌.  വെള്ളക്കെട്ടും മറ്റ് പ്രയാസങ്ങളും കാരണം ഈ പ്രദേശത്ത് വാഹന ഗതാഗതം ഏറെ ദുഷ്കരമാണ്‌. മൂന്ന്‌ ഭാഗവും പുഴയാൽ ചുറ്റപ്പെട്ട ഉപദ്വീപാണ്‌ ഈ പ്രദേശം. അത്‌ കൊണ്ട്‌ തന്നെ മഴ വന്ന്‌ പുഴയിൽ വെള്ളം പൊങ്ങിയാൽ ഈ റോഡിൽ വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്‌. റോഡ്‌ നിർമാണം പൂർത്തിയാകുന്നതോടെ ഇതിന്‌ പരിഹാരമാകും.  Read on deshabhimani.com

Related News