തലപ്പുഴ വനത്തിലെ മരം മുറി: അന്വേഷണം ആരംഭിച്ചു

ഉന്നത വനംവകുപ്പ് ഉദ്യോ​ഗസ്ഥര്‍ പരിശോധന നടത്തുന്നു


 തലപ്പുഴ നോർത്ത് വയനാട് വനം ഡിവിഷനുകീഴിലുള്ള ബേഗൂർ റെയ്‌ഞ്ച് തലപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ നടപടിക്രമങ്ങൾ പാലിക്കാതെ മരം മുറിച്ച സംഭവത്തിൽ  അന്വേഷണമാരംഭിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ മരം മുറിച്ചതിന്‌  തലപ്പുഴ സ്‌റ്റേഷൻ റെയ്‌ഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസർ എ കെ ജയരാജൻ, സെക്‌ഷൻ ഫോറസ്‌റ്റ്‌ ഓഫീസർമാരായ പി വി ശ്രീധരൻ, സി ജെ റോബർട്ട്‌ എന്നവർക്കെതിരെ അച്ചടക്കനടപടിക്ക്‌ ശുപാർശ ചെയ്‌തതതായി അധികൃതർ അറയിച്ചു. തവിഞ്ഞാൽ 43ൽ നിന്ന്‌ തലപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷൻ ഭാഗത്തേക്ക്‌ ഒരു കിലോമീറ്റർ ദൂരത്തിൽ തൂക്കുവേലി ഫെൻസിങ് സ്ഥാപിക്കാൻ മരം മുറിച്ചതാണ് വിവാദമായത്. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ മുഖ്യ വനം മേധാവിക്കും വനം വിജിലൻസ് മേധാവിക്കും മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകിയിരുന്നു.  എഴുപതുമരങ്ങളാണ് മുറിച്ചത്. മുറിച്ചിട്ട മരത്തിന്റെ തടികൾ തലപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിച്ചിട്ടുണ്ട്.     റിസർവ് വനത്തിൽനിന്ന്‌ മരങ്ങൾ മുറിക്കാൻ സിസിഎഫിന്റെ അനുമതി വേണമെന്നിരിക്കേ ഇവിടെ ഇതുണ്ടായില്ല.  ഉത്തരമേഖല വനം കൺസർവേറ്റർ ആർ കീർത്തി, ഫ്ലയിങ് ​സ്‌ക്വാഡ് ഡിഎഫ്ഒ വി പി ജയപ്രകാശ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. മരങ്ങൾ മുറിക്കാൻ അനുമതി ലഭിക്കുമെന്നിരിക്കെ ഇതിനായി ശ്രമിക്കാതെയാണ് വലുതും ചെറുതുമായ മരങ്ങൾ മുറിച്ചിരിക്കുന്നത്.  നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി വാർഡ് മെമ്പർ ചെയർമാനായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ അംഗീകാരമില്ലാതെയാണ് മരങ്ങൾ മുറിച്ചുനീക്കിയതെന്നാണ് സൂചന. നീർമരുത്, കരിവെട്ടി, ആഞ്ഞിലി, വറളി തുടങ്ങിയ മരങ്ങളാണ് മുറിച്ചത്. Read on deshabhimani.com

Related News