വീട്ടമ്മയുടെ കൊലപാതകത്തിന് പിന്നിൽ സംശയരോഗം



കാഞ്ഞങ്ങാട് ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്‌ ഇരിയ കണ്ണോത്ത് കെ ദാമോദരനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.   ഞായറാഴ്ച പുലർച്ചെയാണ് എം ടി ബീന(40)യെ ഭർത്താവ്‌ കെ ദാമോദരൻ കണ്ണോത്തെ വീട്ടിൽ  കഴുത്ത് ഞെരിച്ചും തല ചുവരിനിടിച്ചും കൊലപ്പെടുത്തിയത്. തുടർന്ന് ദാമോദരൻ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സംശയരോഗമാണ് ദാമോദരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.  മടിക്കൈ എരിക്കുളം കൊരങ്ങനാടിയിലെ പരേതനായ രാമന്റെയും ചിറ്റയുടെയും മകളായ ബീന മൂന്നാംമൈലിലെ ചകിരിക്കമ്പനിയിൽ ജീവനക്കാരിയായിരുന്നു. വാർഡിലെ മുൻ ഹരിതകർമസേനാംഗംകൂടിയാണ്‌. ദാമോദരനും ബീനയും തമ്മിൽ പ്രശ്‌നങ്ങളുള്ളതായി അയൽവാസികൾക്കും ബന്ധുക്കൾക്കും അറിയില്ലായിരുന്നു. കൊലപാതകത്തിന് തലേദിവസം വീടിന്റെ ഒരു കിലോമീറ്റർ അകലെയുള്ള വിവാഹ സൽക്കാരത്തിൽ ഇരുവരും സന്തോഷത്തോടെയാണ് പങ്കെടുത്തതെന്നാണ് അയൽവാസികൾ പറയുന്നത്‌.   കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബീനയുടെ മൃതദേഹം എരിക്കുളം കൊരങ്ങനടിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.   Read on deshabhimani.com

Related News