കല്യാണിക്ക് 95ലും ഇഎസ്എൽസിയുടെ പത്രാസ്
പാനൂർ ‘അന്ന് പഠിപ്പ് എന്നൊക്കെ പറയുന്നത് ആരും കാര്യത്തിലെടുത്തിരുന്നില്ല. അമ്മയുടെ നിസ്സഹകരണം കാര്യമാക്കാതെ അച്ഛൻ നൽകിയ പ്രോത്സാഹനമാണ് ഇഎസ്എൽസി വരെയെത്തിച്ചത്. ക്ലാസിലെ 24 പേർ പരീക്ഷ എഴുതിയതിൽ ഞാനും മാധവിയും പത്മാവതിയും ജയിച്ചു’. –-തൊണ്ണൂറ്റിയഞ്ച് കഴിഞ്ഞിട്ടും ഓർമകൾക്ക് കോട്ടം തട്ടാതെ മൊകേരി കൂരാറയിൽ കുനിയിൽ മാമൻസിൽ കെ പി കല്യാണി വിശദീകരിക്കുമ്പോൾ പഴയ സ്‌കൂൾ കുട്ടിയുടെ ആവേശം. പാനൂർ പച്ചാറത്ത് സ്‌കൂളിലായിരുന്നു പഠനം. അതിന്റെ മികവിൽ ഇന്നും മലയാളത്തിലും ഇംഗ്ലീഷിലും തെറ്റില്ലാതെ എഴുതാൻ കഴിയും. ഭർത്താവ് കുഞ്ഞമ്പു മരിച്ചിട്ട് 35 വർഷമായി. പഠിപ്പിക്കും എന്ന് വാഗ്ദാനം നൽകിയായിരുന്നു കുഞ്ഞമ്പുവേട്ടൻ കല്യാണം കഴിച്ചതെന്നും എന്നാൽ കോൺഗ്രസുകാരനായ ഭർത്താവ് പിന്നെ സ്‌കൂളിലയച്ചില്ലെന്നും കല്യാണി ചിരിച്ചുകൊണ്ട് പറയുന്നു. 1940 കാലഘട്ടത്തിൽ മൊകേരി മേഖലയിലെ ചുരുക്കം കമ്യൂണിസ്‌റ്റ് പാർടി പ്രവർത്തകരിൽ ഒരാളായിരുന്നു കല്യാണിയുടെ അച്ഛൻ മാമൻ ഗുരിക്കൾ. അച്ഛന്റെ രാഷ്ട്രീയപാത പിന്തുടരുന്ന കല്യാണിക്ക് എന്നും രാവിലെ ആറോടെ ദേശാഭിമാനി പത്രം കിട്ടണം. തൊണ്ണൂറ്റിയഞ്ചിലും കണ്ണടയില്ലാതെ അരിച്ചുപെറുക്കിയുള്ള വായന. നേതാക്കളോടടക്കം രാഷ്ട്രീയം ചർച്ചചെയ്യും. പത്രവായനയ്ക്കുശേഷം പറമ്പിലേക്കിറങ്ങുന്ന കല്യാണി കൃഷിയിൽ മുഴുകും. പാർടി നിർദേശിക്കുന്ന സ്ഥാനാർഥിക്കല്ലാതെ വോട്ട് ചെയ്തിട്ടില്ലെന്നും ഓപ്പൺ വോട്ട് ചെയ്യാൻ സാഹചര്യമുണ്ടായില്ലെന്നും കല്യാണി പറഞ്ഞു. നടക്കാനും പടവുകൾ കയറാനും അമ്മയ്ക്ക് പരസഹായം ആവശ്യമില്ലെന്നും മകൻ പുരുഷോത്തമൻ പറഞ്ഞു. Read on deshabhimani.com