ഫിലിം റിസ്റ്റോറേഷന്‍ അന്താരാഷ്ട്ര ശില്‍പ്പശാലയ്ക്ക് തുടക്കം

ഷീലയും ജലജയും സൗഹൃദ സംഭാഷണത്തിൽ


തിരുവനന്തപുരം > ഒമ്പതാമത് ഫിലിം പ്രിസർവേഷൻ ആൻഡ്‌ റിസ്റ്റോറേഷൻ വർക്‌ഷോപ്‌ ഇന്ത്യ 2024ന് തുടക്കമായി. ട്രിവാൻഡ്രം ഗോൾഫ് ക്ലബ്ബിൽ നടന്ന ചടങ്ങ്‌ നടി ഷീല ഉദ്‌ഘാടനം ചെയ്‌തു. ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിച്ചത് മലയാള സിനിമയിലെ ചരിത്രസംഭവമാണെന്നും അതിനു മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും ഷീല പറഞ്ഞു. പഴയ സിനിമകൾക്ക്‌ വലിയ ചരിത്രമൂല്യമുണ്ട്‌.  അവ നഷ്‌ടപ്പെട്ടു പോകാതെ സംരക്ഷിക്കാൻ കഴിയുന്നത്‌ ഭാവി തലമുറയ്‌ക്ക്‌ മുതൽക്കൂട്ടാണെന്നും അവർ പറഞ്ഞു. ചടങ്ങിൽ സിനിമാചരിത്രകാരൻ എസ് തിയോടർ ഭാസ്‌കരനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു.    ഫിലിം ആർക്കൈവിസ്റ്റ്‌ ശിവേന്ദ്ര സിങ്‌ ദുംഗാർപുരിന്റെ നേതൃത്വത്തിൽ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്‌സുമായി (എഫ്‌ഐഎഎഫ്) സഹകരിച്ചാണ് ശിൽപ്പശാല. 14വരെ വൈലോപ്പിള്ളി സംസ്‌കൃതിഭവനിലാണ് ശിൽപ്പശാല.    സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റൽ പ്രിസർവേഷൻ, ഫിലിം കൺസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ, ഡിജിറ്റൈസേഷൻ, ഡിസാസ്റ്റർ റിക്കവറി, കാറ്റലോഗിങ്‌, പേപ്പർ, ഫോട്ടോഗ്രാഫ് കൺസർവേഷൻ, പ്രോഗ്രാമിങ്‌ തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പരിശീലന സെഷനുകളും നടക്കും. ക്ലാസുകൾക്ക് ശേഷം റീസ്റ്റോർ ചെയ്ത ലോകസിനിമകളുടെ പ്രദർശനമുണ്ടായിരിക്കും.    സംവിധായകൻ സയ്യിദ് മിർസ, നടി ജലജ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, റിസ്റ്റൊറേഷൻ വിദഗ്ധൻ ഡേവിഡ് വാൽഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News