രാത്രി മുഴുവൻ കിണറ്റിൽ, മുഹമ്മദിന് തുണയായി അഗ്നിരക്ഷാ സേന
ഇരിട്ടി വിജനമായ പറമ്പിലെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി തിരികെ കയറാനാകാതെ രാത്രി മുഴുവൻ കിണറ്റിൽ കുടുങ്ങിയ വയോധികന് ഇരിട്ടി അഗ്നിരക്ഷാസേന രക്ഷകരായി. വിളക്കോട് ചാക്കാട്ടെ വേലിക്കോത്ത് ഹൗസിൽ വി കെ മുഹമ്മദിനെ(60)യാണ് ഇരിട്ടി അഗ്നിരക്ഷാ സേന രക്ഷിച്ചത്. മേയാൻവിട്ട മുഹമ്മദിന്റെ ആട് വെള്ളി വൈകീട്ടും തിരിച്ചെത്തിയില്ല. തിരച്ചിലിൽ ആൾമറയില്ലാത്ത കിണറ്റിൽവീണ ആടിന്റെ കരച്ചിൽ കേട്ടു. ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ മുഹമ്മദിന് ആടുമായി തിരിച്ച് കയറാനായില്ല. രാത്രി ഏറെ വൈകിയും മുഹമ്മദിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാരുംഅയൽക്കാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ശനി പുലർച്ചെ മൂന്നോടെ കിണർ പരിസരത്ത് എത്തിയ റബർ ടാപ്പിങ് തൊഴിലാളികൾ മുഹമ്മദിന്റെ നിലവിളി കേട്ടതോടെ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. അസി. സ്റ്റേഷൻ ഓഫീസർ ബെന്നി ദേവസ്യയുടെ നേതൃത്വത്തിൽ ഡ്രൈവർമാരായ ഇ ജെ മത്തായി, ഷാലോ സത്യൻ, ഫയർ ഓഫീസർമാരായ കെ ധനിഷ്, അനിഷ്, എ പി ആഷിഖ്, ഹോം ഗാർഡുമാരായ വി രമേശൻ, പി കെ രാധാകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വീഴ്‌ചയിൽ സാരമായി പരിക്കേറ്റ ആട് ചത്തിരുന്നു. Read on deshabhimani.com