സർക്കാർ ഉത്തരവുകൾ അറിയാം റീൽസുകളായി
തലശേരി സർക്കാരിന്റെ ജനക്ഷേമ ഉത്തരവുകൾ വേറിട്ട രീതിയിൽ ജനങ്ങളിലെത്തിച്ച് മാതൃകയായി ജില്ലാ രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ. നവ മാധ്യമങ്ങളിലൂടെ റീൽസുകളായി പ്രചരിപ്പിച്ച് ഉത്തരവുകൾ വേഗത്തിൽ ഗുണഭോക്താക്കളിൽ എത്തിക്കാനാണ് ഇവരുടെ ശ്രമം. ജീവനക്കാർ ഉത്തരവുകൾ സ്‌ക്രിപ്റ്റ് രൂപത്തിലേക്ക് മാറ്റി ലളിതമായി ഇത് റീലുകളായി അവതരിപ്പിച്ചാണ് വീഡിയോ തയ്യാറാക്കിയത്. സംസ്ഥാനത്താകമാനം രണ്ടു ലക്ഷത്തിൽപ്പരം ആളുകൾ അണ്ടർ വാല്യൂയേഷൻ നടപടികൾക്ക് വിധേയരാണ്. ഇതിൽ പതിനയ്യായിരത്തോളംപേർ കണ്ണൂർ ജില്ലയിലുള്ളവരാണ്. രജിസ്ട്രേഷൻ വകുപ്പിലെ എല്ലാ ജില്ലയിലെ ഔദ്യോഗിക ഗ്രൂപ്പുകളിലൂടെയും ജീവനക്കാർ അംഗമായിട്ടുള്ള ഗ്രൂപ്പുകളിലൂടെയും വീഡിയോ ജനങ്ങളിലെത്തിക്കുക വഴി സ്വന്തം ആധാരത്തിന്റെ സ്ഥിതി പരിശോധിക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. റീൽ ആശയത്തിന് പിറകിൽ ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ കെ പി പ്രേമരാജനാണ്. പ്രേമരാജന് ഈ വർഷത്തെ ഭരണഭാഷാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജില്ലാ രജിസ്ട്രാർ ജനറൽ എ ബി സത്യനും ജില്ലാ രജിസ്ട്രാർ ഓഡിറ്റ് രാജേഷ് ഗോപനും ജീവനക്കാർക്കൊപ്പം റീലിൽ അഭിനയിച്ചിട്ടുണ്ട്. റീൽ വീഡിയോയുടെ ഔദ്യോഗിക പ്രകാശനം ഉത്തരമേഖലാ രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറൽ സതീശ് ഒവാട്ട് നിർവഹിച്ചു. ജില്ലാ രജിസ്ട്രാർ (ജനറൽ) എ ബി സത്യൻ, ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) രാജേഷ് ഗോപാലൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com