കൊട്ടാരക്കരയില്‍ ഗതാഗത പരിഷ്കരണം
കൊട്ടാരക്കര നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ ട്രാഫിക് പരിഷ്കരണം കർശനമായി നടപ്പാക്കാൻ തീരുമാനം. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചെയർമാൻ എസ് ആർ രമേശിന്റെ അധ്യക്ഷതയിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ ചേർന്ന മുനിസിപ്പാലിറ്റി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടേതാണ് തീരുമാനം. മുനിസിപ്പാലിറ്റിയിലെ ഓരോ ഓട്ടോ സ്റ്റാന്‍ഡിന്റെയും നമ്പരും പേരും നല്‍കുകയും ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് പ്രത്യേക കളറിൽ നമ്പർ പതിക്കുകയും ചെയ്യും. ഇതിനായി എംവിഡിഎ ചുമതലപ്പെടുത്തി. റോഡ് സൈഡിലുള്ള പാർക്കിങ് ഫീസ് പിരിവ് പുനരാരംഭിക്കും. വിവിധയിടങ്ങളില്‍ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കും. നിലവിലുള്ള ട്രാഫിക് വാർഡൻമാരെ കൂടാതെ രണ്ടുപേരെക്കൂടി പുതിയതായി നിയമിക്കും. താലൂക്കാശുപത്രിയുടെ മുന്നിൽ ഒരേ സമയം രണ്ട് ആംബുലൻസുകൾ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. സീബ്രാ ലൈനിലുള്ള വാഹന പാർക്കിങ് നിരോധിക്കും. കൊല്ലം ഭാഗത്തേക്കുള്ള ബസുകൾ കച്ചേരിമുക്കിൽ ഹെഡ് പോസ്റ്റ് ഓഫീസിനു എതിർവശവും കൊല്ലം ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്ക് വരുന്ന ബസുകൾ മിനി സിവിൽസ്റ്റേഷനു മുന്നിലുമായി നിർത്തുന്നതിന് സ്റ്റോപ്പുകൾ പുനക്രമീകരിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ റൂറൽ എസ്‌പി കെ എം സാബു മാത്യൂ, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസണ്‍, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷരായ ഫൈസൽ ബഷീർ, കെ ഉണ്ണിക്കൃഷ്ണമേനോൻ, ജി സുഷമ, ജേക്കബ് വർഗീസ് വടക്കടത്ത്, എ മിനികുമാരി എന്നിവർ സംസാരിച്ചു. Read on deshabhimani.com