ആകാശം തെളിഞ്ഞു, പ്രതീക്ഷകൾ പെയ്‌തില്ല

സംസ്ഥാന സീനിയർ ഫുട്ബോൾ രണ്ടാം സെമിയിൽ മലപ്പുറത്തിന്റെ കെ അനസിന്റെ മുന്നേറ്റം തടയുന്ന തൃശൂരിന്റെ ​ഗോളി കെ അഭിജിത്ത് 
 /ഫോട്ടോ: കെ ഷെമീർ


മലപ്പുറം മഴയൊഴിഞ്ഞ മൈതാനത്ത്‌ തെളിഞ്ഞ ആകാശംപോലെ പ്രതീക്ഷാഭരിതമായിരുന്നു മലപ്പുറത്തിന്റെ സ്വപ്‌നങ്ങൾ. കാലിടറുമ്പോൾ കാണികൾ പ്രോത്സാഹനവുമായി കൂടെനിന്നു. എന്നിട്ടും മഞ്ഞപ്പടയ്‌ക്ക്‌ പിഴച്ചു. സംസ്ഥാന സീനിയർ ഫുട്‌ബോളിൽ കാത്തിരുന്ന ഫൈനലിന്‌ മലപ്പുറം ഇല്ല. ശനിയാഴ്‌ച നടന്ന രണ്ടാം സെമിയിൽ തൃശൂരിനുമുന്നിൽ (2–-1) ആതിഥേയർ കീഴടങ്ങി. ഞായറാഴ്‌ച വൈകിട്ട്‌ നാലിന്‌ കോട്ടപ്പടി സ്‌റ്റേഡിയം കണ്ണൂരിന്റെയും തൃശൂരിന്റെയും കലാശപ്പോരാട്ടത്തിന്‌ വേദിയാകും.  ഇഞ്ചോടിഞ്ച് മത്സരം നടന്ന ആദ്യപകുതിയുടെ 26–--ാം മിനിറ്റിൽ നജീബ് യാസിൻ നൽകിയ സുന്ദരമായ പാസ്‌ ഗോളാക്കി മാറ്റിയ ജുനൈൻ മലപ്പുറത്തിന്‌ ലീഡ്‌ നൽകി. പിന്നീട്‌  തൃശൂരിന്റെ ​ഗോൾമുഖത്ത് നിരന്തരം ആ​ക്രമണമായിരുന്നു. 35–--ാം മിനിറ്റിൽ ജിഷ്ണു ബാലകൃഷ്ണന് കിട്ടിയ പന്ത്‌ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും തൃശൂർ ​ഗോളി അഭിജിത്ത് രക്ഷകനായി. 39–--ാം മിനിറ്റില്‍ ജിഷ്‌ണുവിന്റെ രണ്ടാമത്തെ ശ്രമവും ഗോളി തടഞ്ഞു.  രണ്ടാംപകുതി തൃശൂരിന്റെ നിയന്ത്രണത്തിലായിരുന്നു. 50–-ാം മിനിറ്റിൽ കോർണര്‍ കിക്കിലൂടെ എഡ്വിന്‍ മലപ്പുറത്തിന്റെ വലകുലുക്കി. 56–ാം മിനിറ്റിൽ പരിക്കേറ്റ് ജുനൈൽ മടങ്ങിയതോടെ മലപ്പുറത്തിന്റെ മുന്നേറ്റങ്ങളും പിഴച്ചു. അധികസമയത്തിന്റെ രണ്ടാം മിനിറ്റിൽ സന്തോഷിലൂടെ തൃശൂർ ഫൈനലിലേക്കുള്ള ​ഗോളടിച്ചു. വിജയഗോള്‍ സമ്മാനിച്ച സന്തോഷ്‌ മത്സരത്തിലെ മികച്ച താരമായി.   Read on deshabhimani.com

Related News