"കാട്ടുപച്ച’യിൽ നിറഞ്ഞു ജീവിതപ്പച്ച

ആറളം വെെൽഡ് ലൈഫ് ഡിവിഷൻ കാട്ടുപച്ച വാൾ ആർട്ട് പെയിന്റിങ് എന്ന പേരിൽ ഒരുക്കിയ ചിത്രമതിൽ


ഇരിട്ടി വളയംചാലിലൊരുക്കിയ കൂറ്റൻ ചിത്രമതിലിൽ സ്ഥാനംപിടിച്ച്‌ ആറളത്തെ കാട്ടുമൃഗങ്ങൾ.  വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ആറളം വൈൽഡ് ലൈഫ് ഡിവിഷൻ നേതൃത്വത്തിലാണ്‌ വളയംചാൽ വന്യജീവി സങ്കേതം ഓഫീസിനുസമീപത്തെ പാലം അപ്രോച്ച് റോഡിന്റെ കൂറ്റൻ ചുമരിൽ ‘കാട്ടുപച്ച വാൾ ആർട്ട് പെയ്ന്റിങ്' എന്ന പേരിൽ 45 മീറ്റർ നീളത്തിൽ ചിത്രംവരച്ചത്.  ചീങ്കണ്ണിപ്പുഴയിൽ ധാരാളമായുള്ള ‘മിസ് കേരള’ സുന്ദരി മത്സ്യത്തിന്റെ പതിന്മടങ്ങ് വലുപ്പത്തിലുള്ള ചിത്രമാണ്‌ കാഴ്ചക്കാരെ വരവേൽക്കുക. ആമ, തീകാക്ക, പറക്കുന്ന ഓന്ത്, മ്ലാവ്, മൂന്നിനം വേഴാമ്പൽ, ബുദ്ധമയൂരി, വിലാസിനി, മഞ്ഞപാപ്പാത്തി തുടങ്ങിയ പൂമ്പാറ്റകൾ, കുട്ടിത്തേവാങ്ക്, സിംഹവാലൻ കുരങ്ങ്‌, പാമ്പ്, പറക്കുന്ന അണ്ണാൻ, ആന, കടുവ, കാട്ടുവള്ളി തുടങ്ങിയവയുമുണ്ട്‌.  ജീവികളുടെ തനത്‌ വലിപ്പത്തിൽ വരച്ചതാണ്‌ കാഴ്‌ചക്കാർക്ക്‌ പുതുമയാകുന്നത്‌. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിന്റെ മേൽനോട്ടത്തിൽ കേരള കൂട്ടായ്മ അംഗങ്ങളായ അനൂപ് മോഹൻ, ശ്രീനാഥ് ബങ്കളം, രജീന രാധാകൃഷ്ണൻ, രാജേഷ് എടച്ചേരി, രാംഗോകുൽ പെരിയ, രാജേന്ദ്രൻ മീങ്ങോത്ത്, മനീഷ മറുവാരശ്ശേരി, ഷിബു ഗോപി എന്നിവരാണ് മൂന്നുദിവസംകൊണ്ട് ചിത്രങ്ങൾ പൂർത്തിയാക്കിയത്. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം രാജൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ വി സിജേഷ്, വന്യജീവി പ്രവർത്തകൻ റോഷ്നാഥ് രമേഷ് എന്നിവർ നേതൃത്വംനൽകി.    Read on deshabhimani.com

Related News