ആർഎസ്‌പിയിൽ പോര്‌



കൊല്ലം യുടിയുസി പരിപാടികളിൽനിന്ന്‌ ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയെ ഒഴിവാക്കുന്നു. അഖിലേന്ത്യ പ്രസിഡന്റ്‌ എ എ അസീസിന്റെ നേതൃത്വത്തിൽ പാർടിക്കു സമാന്തരമായാണ്‌ യുടിയുസി പ്രവർത്തിക്കുന്നതെന്നും ഇതിന്‌ ജില്ലാ സെക്രട്ടറി കെ എസ്‌ വേണുഗോപാലിന്റെ പിന്തുണയുണ്ടെന്നുമാണ്‌ ഷിബു ബേബിജോൺ വിഭാഗം ആരോപിക്കുന്നത്‌. കൊല്ലത്തുനിന്നുള്ള പാർടി സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഷിബുവിനുവേണ്ടി രംഗത്തെത്തി. കഴിഞ്ഞ ദിവസം കൊല്ലത്ത്‌ ചേർന്ന യുടിയുസി ജില്ലാകമ്മിറ്റിയിലും തർക്കം രൂക്ഷമായിരുന്നു. യുടിയുസി അഖിലേന്ത്യ സമ്മേളനത്തിൽ കൊല്ലത്തുനിന്നു പങ്കെടുക്കേണ്ട പ്രതിനിധികളെ നിശ്‌ചയിച്ചതിലും ഷിബു ബേബിജോൺ വിഭാഗത്തെ അവഗണിച്ചു. ഈ യോഗം നിശ്‌ചയിച്ചവരെയാണ്‌  അടുത്താഴ്‌ച കൊല്ലത്ത്‌ നടക്കുന്ന യുടിയുസി സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യ സമ്മേളന പ്രതിനിധികളായി തെരഞ്ഞെടുക്കുന്നത്‌. ഘടക യൂണിയനുകളുടെ ജില്ല, സംസ്ഥാന സമ്മേളനങ്ങളിൽനിന്ന്‌ ഷിബു ബേബിജോണിനെ പൂർണമായും തഴഞ്ഞു. യുടിയുസി സമരങ്ങളിലും അടുപ്പിക്കുന്നില്ല. സാധാരണ യുടിയുസി സംസ്ഥാന സമ്മേളനങ്ങളിൽ ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യം മുൻകാലങ്ങളിൽ ഉറപ്പാക്കിയിരുന്നു.  ആർഎസ്‌പിയുടെ കൊല്ലത്തുചേർന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ്‌ ഷിബു ബേബിജോണിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌. പാർടി സംസ്ഥാന സെക്രട്ടറിയായി വീണ്ടും തുടരാൻ എ എ അസീസിന്‌ താൽപ്പര്യം ഉണ്ടായിരുന്നു. പാർടി സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്തായ അസീസ്‌ യുടിയുസി പ്രവർത്തനത്തിൽ ശ്രദ്ധിക്കുന്നതിന്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌  കേന്ദ്രീകരിച്ചതോടെയാണ്‌  ആർഎസ്‌പിയുടെയും യുടിയുസിയുടെയും പരപാടികളിൽനിന്ന്‌ ഷിബു പുറത്തായത്‌.  യുടിയുസി പ്രവർത്തനം മെച്ചമാണെന്ന ആർഎസ്‌പി ജില്ലാ കമ്മിറ്റി റിപ്പോർട്ടിനെതിരെ വലിയ വിമർശനമാണ്‌ ഉയർന്നത്‌. ഫോർവേഡ്‌ ബ്ലോക്കിൽനിന്ന്‌ എത്തിയവരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം മാനിക്കാതെയാണ്‌. ഇക്കാര്യത്തിൽ ജില്ലാ സെക്രട്ടറി കെ എസ്‌ വേണുഗോപാലിനോട്‌ ഷിബു ബേബിജോൺ വിശദീകരണം ചോദിച്ചിരിക്കുകയാണ്‌. എന്നാൽ, ഷിബുവിന്‌ താൽപ്പര്യം സിനിമയും ബിസിനസുമാണെന്നും പരിപാടികൾക്കു കിട്ടാറില്ലെന്നും യുടിയുസി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. Read on deshabhimani.com

Related News