പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന്‌ സാങ്കേതികാനുമതി



  പുതുക്കാട്  വിവിധ  സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുന്ന പുതുക്കാടിന്റെ സ്വപ്ന പദ്ധതിയായ  മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി കെ കെ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു.  2022–--23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ എംഎൽഎയുടെ നിർദേശപ്രകാരം 10 കോടി രൂപ ഇതിനായി നീക്കിവച്ചിരുന്നു. ഭൂമി തരം മാറ്റൽ, സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിനായി സൗജന്യമായി ഭൂമി ലഭ്യമാക്കൽ, മണ്ണ് പരിശോധന ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി നേരത്തെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു.   മൂന്ന്  നിലകളിലായി 29535 ചതുരശ്ര അടി  വിസ്തൃതിയിലാണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടസമുച്ചയത്തിന്റെ നിർമാണം. സബ് ട്രഷറി ഓഫീസ്, വില്ലേജ് ഓഫീസ്,  എംഎൽഎ ഓഫീസ്, മിനി കോൺഫറൻസ് ഹാൾ, ഇറിഗേഷൻ ഓഫീസ്, ടോയ്‌ലറ്റുകൾ എന്നിവ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ 25 വാഹനങ്ങൾക്കും, യാർഡിൽ 30 വാഹനങ്ങൾക്കുമുള്ള പാർക്കിങ്‌  സൗകര്യവും ഒരുക്കും.  ലിഫ്റ്റ്‌സൗകര്യങ്ങളും   വിഭാവനം ചെയ്തിട്ടുണ്ട്. 10 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ നൽകിയിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച്, എത്രയും വേഗം നിർമാണം ആരംഭിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News