മനസ്സ് വയനാടിനൊപ്പം; പങ്കുവയ്‌ക്കലാണ് സന്തോഷം
താനൂർ ചെറുപ്പക്കാർ വീടുകൾ കയറിയിറങ്ങി പാഴ്‌വസ്‌തുക്കൾ ശേഖരിക്കുന്ന തിരക്കിലാണ്. പഴയതുമാത്രമല്ല, ഉപയോഗിക്കുന്ന ബൈക്ക് നൽകിയവരുമുണ്ട്. കമ്മലൂരി നൽകിയ തൊഴിലുറപ്പ് തൊഴിലാളികളുണ്ട്. സ്വർണ മോതിരവും മാലയും നൽകിയ കുട്ടികളുണ്ട്. എല്ലാം വയനാടിനുവേണ്ടിയാണ്. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാനാണ്. നാട് രാപകൽ മറന്ന് വയനാടിന്റെ കണ്ണീരൊപ്പാൻ ഓടിനടക്കുമ്പോൾ സ്വന്തം കല്ല്യാണമാണെങ്കിലും ആഘോഷങ്ങൾക്ക് അർഥമില്ലെന്നാണ് ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് സെക്രട്ടറി വി വിശാഖിന്റെയും വൈസ് പ്രസിഡന്റ് കെ കെ മനീഷയുടെയും പക്ഷം. അങ്ങനെയാണ് ആഘോഷങ്ങൾ വേണ്ടെന്നുവച്ചത്. പകരം കരുതിവച്ച തുക ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഒരുക്കുന്ന വീട് നിർമാണ സഹായനിധിയിലേക്ക് കൈമാറാൻ തീരുമാനിച്ചു. ഇരുവരും ചേർന്ന് ഒരുലക്ഷം രൂപ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന് കൈമാറി. സെപ്തംബർ ഒന്നിനാണ് വിവാഹം. ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, ട്രഷറർ പി മുനീർ, ജോ. സെക്രട്ടറി സി ഇല്യാസ്, സിപിഐ എം താനൂർ ഏരിയാ സെക്രട്ടറി സമദ് താനാളൂർ, ഒഴൂർ ലോക്കൽ സെക്രട്ടറി കെ ടി എസ് ബാബു, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി പി രതീഷ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com