കട്ടപ്പന നഗരസഭയ്‌ക്കെതിരെ സിപിഐ എം ജനകീയ പ്രതിഷേധം
കട്ടപ്പന നഗരത്തിലെ ചില ഹോട്ടലുകളിൽ പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടും പരിശോധിക്കാത്ത നഗരസഭയുടെ അനാസ്ഥക്കെതിരെ സിപിഐ എം നടത്തിയ നഗരസഭ ഓഫീസ് മാർച്ചും ധർണയും ജനകീയ പ്രതിഷേധമായി മാറി. ഏരിയ സെക്രട്ടറി വി ആർ സജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ അട്ടിമറിക്കലും ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പും മാത്രമാണ് കട്ടപ്പന നഗരസഭയിൽ നടക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. നഗരത്തിലെ ഭൂരിഭാഗം ഭക്ഷണശാലകളിലും രുചികരമായ ആഹാരസാധനങ്ങളാണ് വിളമ്പുന്നത്. എന്നാൽ ചില സ്ഥാപനങ്ങൾ വരുത്തുന്ന വീഴ്ച നഗരത്തിന് കളങ്കമുണ്ടാക്കുന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയില്ലാത്തതാണ് പ്രധാന കാരണം. പ്രഹസന പരിശോധന നടത്തി അടപ്പിക്കുന്ന കടകൾ, പിഴ ഈടാക്കി തൊട്ടടുത്തദിവസം തന്നെ തുറന്നുപ്രവർത്തിക്കാൻ അനുവാദം നൽകുന്നു. നഗരത്തിലെ തൊഴിലാളികളും യാത്രക്കാരുമടക്കം ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. സർക്കാരിന്റെ നിരവധി ജനക്ഷേമ പദ്ധതികളാണ് യുഡിഎഫ് ഭരണസമിതി അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഹൈറേഞ്ചിന്റെ സ്വപ്‌ന പദ്ധതി മലയോര ഹൈവേയുടെ ഭാഗമായ ഇരുപതേക്കർ പാലത്തിന്റെ പുനർനിർമാണം മുടക്കി. നഗരസഭാ പരിധിയിലെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ജൽജീവൻ മിഷന്റെ കുടിവെള്ള പദ്ധതിയും സ്ഥലംവിട്ടുനൽകാതെ മുടക്കാൻ ശ്രമിച്ചു. പിന്നീട് ജനകീയ സമിതിയാണ് സ്ഥലം ഏറ്റെടുത്തുനൽകിയത്. മുറപോലെ എല്ലാ വർഷവും കോടികളുടെ ബജറ്റ് അവതരിപ്പിക്കുന്നുണ്ടെങ്കിലും ജനോപകാരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. മുഴുവൻ വാർഡുകളിലെയും റോഡുകൾ തകർന്നുകിടക്കുകയാണ്. കട്ടപ്പന ടൗണിലെ പോക്കറ്റ് റോഡുകൾപോലും സഞ്ചാരയോഗ്യമല്ല. സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരങ്ങൾക്ക് പരിശീലിക്കാൻ സൗകര്യമില്ല. ബജറ്റിൽ ഫണ്ട് അനുവദിച്ചതല്ലാതെ നിലവിലുള്ള സ്റ്റേഡിയം പുനർനിർമിക്കാനും നടപടിയില്ല. യുഡിഎഫ് ഭരണസമിതി ജനങ്ങൾക്ക് ബാധ്യതയായി മാറിയിരിക്കുകയാണെന്നും സിപിഐ എം നേതാക്കൾ പറഞ്ഞു. ഏരിയ കമ്മിറ്റിയംഗങ്ങളായ മാത്യു ജോർജ്, ടോമി ജോർജ്, കെ പി സുമോദ്, പൊന്നമ്മ സുഗതൻ, ഫൈസൽ ജാഫർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി വി സുരേഷ്, സി ആർ മുരളി, ടിജി എം രാജു, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ചിൽ പ്രവർത്തകരും നാട്ടുകാരും അണിനിരന്നു. Read on deshabhimani.com