ഇന്റർവ്യൂ ബോർഡിൽ യുഡിഎഫ്‌ 
പ്രവർത്തകരെ തിരുകിക്കയറ്റിയെന്ന്‌ പരാതി



ഹരിപ്പാട് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ അങ്കണവാടികളിൽ  വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്താനുള്ള ഇന്റർവ്യൂ ബോർഡിലേക്ക്‌ ജില്ലാ വനിതാ ശിശുവികസന ഓഫീസർ തയാറാക്കിയ സാമൂഹ്യപ്രവർത്തകരുടെ പട്ടിക സംബന്ധിച്ച് പരാതി.  അഞ്ച്‌ സാമൂഹ്യ പ്രവർത്തകരാണ് ബോർഡിൽ ഉണ്ടാകേണ്ടത്. ഇതിൽ മുഴുവൻ യുഡിഎഫ്‌ പ്രവർത്തകരെ തിരുകിക്കയറ്റിയെന്നാണ്‌ പരാതി.  കോൺഗ്രസ്‌, മുസ്‌ലിം ലീഗ്‌ തൃക്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റുമാർ,  രണ്ട്‌  മുൻ വനിതാ പഞ്ചായത്തംഗങ്ങൾ, മഹിളാ കോൺഗ്രസ്‌  പ്രാദേശിക നേതാവ്‌ എന്നിവരടങ്ങുന്നതാണ്‌ പട്ടിക.  പഞ്ചായത്ത് ഭരണ സമിതികൾ ഏകപക്ഷീയമായി തയാറാക്കി നൽകുന്ന പട്ടിക അങ്ങനെതന്നെ ജില്ലാ ഓഫീസറുടേതായി നൽകി നടത്തുന്ന അഭിമുഖം നിയമനടപടികൾക്ക്‌ ഇടയാക്കുന്നതിനാൽ ഈ  സാഹചര്യം ഒഴിവാക്കണമെന്നുള്ള  വനിതാ ശിശു വികസന ഡയറക്ടറുടെ ഉത്തരവു ലംഘിച്ചാണ് പട്ടിക തയാറാക്കിയതെന്നാണ്‌ പരാതി ഉയർന്നിരിക്കുന്നത്‌. ഇതിനു മുൻപും തൃക്കുന്നപ്പുഴയിൽ ഇത്തരം ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ട്‌.  പട്ടിക പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം തൃക്കുന്നപ്പുഴ ലോക്കൽ  സെക്രട്ടറി എസ് സുധീഷ് വനിതാ ശിശു വികസന ഡയറക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രുഗ്മിണി രാജു അഭിമുഖം മാറ്റണമെന്ന് നിർദേശം നൽകിയിരുന്നു. ഇത്‌ അവഗണിച്ചാണ്‌ തുടർനടപടിക്ക്‌ നീക്കം. Read on deshabhimani.com

Related News