നഴ്സിങ്‌ വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമം എസ്‌എഫ്‌ഐ മാർച്ചിനുനേരെ ലാത്തിച്ചാർജ്‌; 6 പേർക്ക്‌ പരിക്ക്‌

കാഞ്ഞങ്ങാട് മൻസൂർ നഴ്സിങ്‌ കോളേജിൽ നഴ്സിങ്‌ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സമഗ്ര 
അന്വേഷണം ആവശ്യപ്പെട്ട്‌ കോളേജിലേക്ക്‌ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച്


കാഞ്ഞങ്ങാട്‌ കാഞ്ഞങ്ങാട് മൻസൂർ നഴ്സിങ്‌ കോളേജിൽ പാണത്തൂർ സ്വദേശിനിയായ മൂന്നാം വർഷ നഴ്സിങ്‌ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌  കോളേജിലേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ്‌ ലാത്തിച്ചാർജ്‌.  ആറ് പ്രവർത്തകർക്ക്‌ പരിക്കേറ്റു. പരിക്കേറ്റ ജില്ലാ ജോ. സെക്രട്ടറി കെ അനുരാഗ്‌, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ പി ഇമ്മാനുവൽ, അഭിനാൻ, ചെറുവത്തുർ എരിയാസെക്രട്ടറി അഭിചന്ദ്‌, കാസർകോട്‌ എരിയാകമ്മറ്റിയംഗം അനുരാജ്‌, കാർതിക്  എന്നിവരെ  കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാവിലെ ട്രാഫിക്‌ ജങ്‌ഷൻ കേന്ദ്രീകരിച്ചാണ്‌  നോർത്ത്‌ കോട്ടച്ചേരിയിലെ ആശുപത്രി പരിസരത്തേക്ക്‌  മാർച്ച്‌ നടത്തിയത്‌. മാർച്ചിൽ പെൺകുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന്‌ വിദ്യാർഥികൾ അണിനിരന്നു. സമരം എസ്‌എഫ്‌ഐ സംസ്ഥാനകമ്മറ്റിയംഗം  വിഷ്‌ണുചേരിപ്പാടി ഉദ്‌ഘാടനംചെയ്‌തു  ജില്ലാ പ്രസിഡന്റ്‌ ഋഷിത സി പവിത്രൻ അധ്യക്ഷയായി.  തുടർന്ന്‌  വിദ്യാർഥികൾ കവാടത്തിനുമുന്നിൽ കുത്തിയിരുന്ന്‌  മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെ  ഡിവൈഎസ്‌പി  ബാബു പെരിങ്ങേത്തിന്റെ നിർദേശപ്രകാരമാണ്‌ അവിടെയുണ്ടായിരുന്ന പോലീസ്‌ സംഘം വിദ്യാർഥികൾക്കു നേരെ പ്രകോപനമില്ലാതെ ലാത്തിച്ചാർജ്‌ നടത്തിയത്‌. സംഘർഷത്തിൽ രണ്ട്‌ പോലീസുകാർക്കും പരിക്കേറ്റു. വാർഡന്റെ മാനസിക പീഡനത്തെ തുടർന്നാണ്‌ വിദ്യാർഥിനി ആത്മഹത്യക്കുശ്രമിച്ചതെന്ന്‌ സഹപാഠികൾ വെളിപ്പെടുത്തിയിട്ടും വാർഡനെതിരെ നടപടിയെടുക്കാൻ മാനേജ്‌മെന്റ്‌ തയ്യാറായിട്ടില്ല.  ആത്മഹത്യാശ്രമത്തിന്‌ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കെ പ്രണവും പ്രസിഡന്റ്‌  ഋഷിതാ സി പവിത്രനും പറഞ്ഞു. വാർഡനെതിരെ വിദ്യാർഥികളുടെ മൊഴിയുണ്ടായിട്ടും കേസെടുക്കാൻ തയ്യാറാകാത്ത പൊലീസ്‌ നടപടി സംശയാസ്‌പദമാണ്‌.     Read on deshabhimani.com

Related News